
ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം, നടൻ സിദ്ദീഖിനും എല്ലാം അറിയാം; പള്‍സര്‍ സുനിയുടേതെന്ന പേരിൽ കത്ത് പ്രചരിക്കുന്നു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടേതെന്ന പേരിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉൾപ്പെടുന്ന കത്ത് പ്രചരിക്കുന്നു. 2018ൽ ദിലീപിന് പൾസർ സുനി എഴുതിയതെന്ന പേരിൽ പുറത്തുവന്ന കത്തിൽ നടൻ സിദ്ദീഖിനെതിരെയും വിമർശനമുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുനി തന്‍റെ അമ്മയെ ഏൽപിച്ച കത്താണെന്നാണ് വിശദീകരണം.
ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ് എറണാകുളത്തെ ഹോട്ടലിൽ ഗൂഢാലോചന നടത്തുമ്പോൾ സിദ്ദീഖും അടുത്തുണ്ടായിരുന്നു. തന്നെ രക്ഷിക്കുമെന്ന് കരുതിയ ദിലീപ് കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി എഴുതിയതാണിതെന്നും പറയുന്നു.
'അമ്മ'യുടെ പ്രസിഡൻറ്സ്ഥാനം കിട്ടാനാണോ ദിലീപ് അറസ്റ്റിലായപ്പോൾ സിദ്ദീഖ് ഓടിനടന്നതെന്ന് കത്തിൽ ചോദിക്കുന്നു. ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും സുനി ആരോപിക്കുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും അഭിഭാഷകരെയുമുൾപ്പെടെ എല്ലാവരെയും ദിലീപ് വിലയ്ക്ക് വാങ്ങിയെന്നും ആരോപണമുണ്ട്.
തനിക്ക് ശിക്ഷകിട്ടിയാലും പരാതിയോ പരിഭവമോ ഇല്ല. കാരണം താൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് തനിക്ക് വേണ്ടിയല്ലെന്ന് ഓർക്കണം. മൂന്ന് വർഷം മുമ്പുള്ള കാര്യം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയല്ല, തല്ലിക്കൊല്ലും. പൊലീസിന്‍റെ കൈയിൽനിന്ന് നന്നായി തല്ല് കിട്ടിയിട്ടും ദിലീപിനെതിരെ താനും വിജീഷും ഒന്നും പറഞ്ഞില്ല.
എന്തുവന്നാലും ഇനി ദിലീപിന്‍റെ പണം ആവശ്യമില്ലെന്നും എല്ലാം കോടതിയിൽ തുറന്നുപറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിക്കുമെന്നും കത്തിൽ പറയുന്നു.