ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവം: അന്വേഷണം വിപുലപ്പെടുത്തി
text_fieldsചാത്തന്നൂർ: കരിയിലകൾക്കിടയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം വിപുലമാക്കി. കുട്ടിയുടെ മാതാവിനെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്തും അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ ആശുപത്രികളിലെ രജിസ്റ്റർ പരിശോധന തുടരുകയാണ്. പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തധികൃതരും ആശുപത്രികൾ കയറിയിറങ്ങി ചികിത്സയിലിരുന്നവരെയും മറ്റും വിവരം തേടുന്നുണ്ട്. ജില്ല ആശുപത്രിയിൽ ചികിത്സ േതടിയ ഗർഭിണികളുടെ ലിസ്റ്റ് പരിശോധന അവസാനഘട്ടത്തിലാണ്. കുടുംബമായി താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പരിശോധന നടത്തി.
തെൻറ നേതൃത്വത്തിൽ വീടുകളിൽ കയറിയിറങ്ങിയ ജനപ്രതിനിധികൾ രണ്ട് വാർഡുകളിൽ പൂർണമായും പരിശോധന നടത്തിയെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. സുദീപ പറഞ്ഞു. കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപമുള്ള പേഴ്വിള വീട്ടിൽ സുദർശനൻപിള്ളയുടെ പറമ്പിലെ കരിയിലകുഴിയിൽനിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ കിട്ടിയത്.
നിയോജകമണ്ഡലത്തിലെ ആശാപ്രവർത്തകരിൽ നിന്നും വിവരങ്ങൾ തേടുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാരുടെ മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് പരിസരത്തെങ്ങും സി.സി.ടി.വി ഇല്ലാത്തതിനാൽ പ്രാധാന ജങ്ഷനുകളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
മൊബൈൽ ടവർ കേന്ദ്രികരിച്ച് പരിശോധന തുടരുകയാണ്. കുഞ്ഞിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചാത്തന്നൂർ എ.സി.പി ഷിനുതോമസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പത്തംഗങ്ങളുള്ള സംഘം പല ടീമുകളായാണ് പരിശോധന നടത്തുന്നത്.