'മത്സരിക്കാൻ യോഗ്യരായവരെ തേടുന്നു'; കേരളത്തിൽ പത്രപ്പരസ്യവുമായി ആം ആദ്മി പാർട്ടി
text_fieldsകോഴിക്കോട്: എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലുമെല്ലാം സ്ഥാനാർഥി നിർണയചർച്ചകളും സീറ്റ് വിഭജനവും കൊഴുക്കുകയാണ്. മുന്നണികൾ പലയിടങ്ങളിലും സ്ഥാനാർഥികളെ തീരുമാനിച്ചു കഴിഞ്ഞു. മത്സരിക്കാനുളളവരുടെ ബാഹുല്യംകൊണ്ട് മുന്നണികൾ തലവേദന അനുഭവിക്കുേമ്പാൾ ആം ആദ്മി പാർട്ടി കേരളത്തിൽ 'കൂൾ' ആണ്. മത്സരിക്കാൻ ആളുകളെത്തേടി ആം ആദ്മി പാർട്ടി പത്രങ്ങളിൽ പരസ്യം നൽകി കാത്തിരിക്കുകയാണ്.
ഇന്ന് പ്രമുഖപത്രത്തിൽ കേരളത്തിലെ ആം ആദ്മി പാർട്ടിയുടേതായി വന്ന പരസ്യം ഇങ്ങനെ. മികച്ച പ്രതിഛായയുള്ള പൊതുപ്രവർത്തകർ, വിരമിച്ച അധ്യാപകർ, സംരഭകർ, വിദ്യാർഥികൾ, ഗവേഷകർ, കർഷകർ, മാധ്യമ പ്രവർത്തകർ... തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ആംആദ്മി പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുവാനും ഹൃദയപൂർവ്വം ക്ഷണിക്കുന്നു''. വിവരങ്ങൾക്കായി ആം ആദ്മി പാർട്ടി വെബ്സൈറ്റും ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
നവംബർ 19 വരെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയം. വിവിധ പാർട്ടികളിൽ നിന്നും പിണങ്ങി മത്സരിക്കുന്നവരെയും മറ്റും ആംആദ്മി പാർട്ടിയിൽ എത്തിക്കാനുള്ള തന്ത്രമായും പരസ്യത്തെ കാണുന്നവരുണ്ട്.