തിരുവനന്തപുരം: കൊന്നും കൊലവിളിച്ചും കോൺഗ്രസ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. സുധാകരന്റെ ഗുണ്ടാ സംസ്കാരമാണ് കോൺഗ്രസിനെ നയിക്കുന്നത്. ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിലിപ്പോൾ സുധാകരനിസമാണ്. ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കിൽ സുധാകരന് രാഷ്ട്രീയമില്ല.രക്തദാഹിയാണ് സുധാകരൻ.അയാളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. സുധാകരന്റെ ബാധകയറിയ യൂത്ത് കോൺഗ്രസ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി. ഈ ക്രിമിനൽ സംഘം ആയുധമെടുത്ത് അക്രമം നടത്തി ഗുണ്ടാ നേതാവായ സുധാകരന് സേവ ചെയ്യുന്നു. ഒരു എൻജിനിയറിങ് കോളേജ് വിദ്യാർഥിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്ന് വി.ഡി സതീശൻ മറുപടി പറയണം. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും മലയാള നാട്ടിൽ അമ്മമാരുടെ മുഖത്തു നോക്കാൻ പോലും ഇനി അർഹതയില്ല. കേരളത്തിന്റെ മനസിൽ നിന്നും ഈ കോൺഗ്രസ് ക്രൂരത ഒരിക്കലും മായില്ലെന്നും എ.എ റഹീം പറഞ്ഞു.