Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പോറ്റിയേ കേറ്റിയേ’...

‘പോറ്റിയേ കേറ്റിയേ’ പാട്ടിനെതിരെ എ.എ. റഹീം

text_fields
bookmark_border
‘പോറ്റിയേ കേറ്റിയേ’ പാട്ടിനെതിരെ എ.എ. റഹീം
cancel

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വൈറലായ ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...’ പാട്ടിനെതിരെ സി.പി.എം നേതാവ് എ.എ. റഹീം എം.പി. ‘പോറ്റിയേ കേറ്റിയേ..’ എന്ന അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോൺഗ്രസ് ഊന്നിയതെന്നും മൈക്ക് അനൗൺസ്മെന്റുകളിൽ പോലും ശരണം വിളി മന്ത്രങ്ങൾ കൊണ്ട് നിറയക്കാൻ ശ്രമിക്കുകയാണെന്നും റഹീം ചാനൽ ചർച്ചയിൽ ആരോപിച്ചു.

‘ഈ തിരഞ്ഞെടുപ്പിലുടനീളം ഞങ്ങൾ പറയാൻ ശ്രമിച്ചത് ക്ഷേമവും വികസനവും ഇനിയും നടപ്പിലാക്കാൻ പോകുന്ന നവകേരളത്തെകുറിച്ചുമാണ്. എന്നാൽ അവർ പറയാൻ ശ്രമിച്ചത് പൂർണമായും വിശ്വാസമാണ്. കോൺഗ്രസ് സ്വർണപ്പാളിയുമായി ബന്ധപ്പെട്ട അയ്യപ്പ പാരഡി പാട്ടിലാണ് ഊന്നിയത്. മൈക്ക് അനൗൺസ്മെന്റുകളിൽ പോലും ശരണം വിളി മന്ത്രങ്ങൾ കൊണ്ട് നിറക്കാൻ ശ്രമിക്കുകയാണ്.

ഇടതു മുന്നണിയല്ല ഭരിച്ചിരുന്നത് എങ്കിൽ, ഇത്തരം ഒരു സന്ദർഭം കോൺഗ്രസിന്റെ ഭരണകാലത്ത് ഉണ്ടായാൽ സത്യസന്ധമായ അന്വേഷണം നടക്കുമോ? കേരളത്തിൽ ഇപ്പോൾ സ്വർണപ്പാളി വിഷയത്തിൽ സിപിഎം എടുത്ത ഒരു നിലപാടുണ്ട്. ഗവൺമെന്റ് ഒരു കുറ്റവാളിയെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. ദേ ഈ നിമിഷം വരെ എസ്.ഐ.ടിയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി എസ്.ഐ.ടിയുടെ അന്വേഷണത്തിൽ ഒരല്പമെങ്കിലും പക്ഷപാതിത്വം ഉണ്ടെന്ന ആരോപണം ഉന്നയിച്ചിട്ടില്ല. ഒരു സംശയം പോലും ഉന്നയിച്ചിട്ടില്ല. ഈ ഗവൺമെന്റിന്റെ കീഴിലുള്ള എസ്.ഐ.ടിയെ പൂർണമായി വിശ്വാസത്തിലെടുത്താണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ ഒരു കാര്യം യു.ഡി.എഫിന്റെ ഭരണകാലത്താണെങ്കിൽ പ്രതീക്ഷിക്കാൻ പറ്റുമോ?

ഞങ്ങൾ നടത്തിയ വികസനത്തെകുറിച്ചോ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളെകുറിച്ചോ കോൺഗ്രസിന് ഒരു അഭിപ്രായവും പറയാനില്ല. ​കോൺഗ്രസ് ഇന്നെടുത്ത സമീപനം എന്താ? ഇന്ന് പാർലമെന്റിന്റെ മുമ്പിൽ നിന്ന് കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള എം.പിമാർ ഈ പാട്ടു പാടുകയാണ്. പാർലമെന്റിന്റെ മുമ്പിൽ ഈ കേരളം മഹാകുഴപ്പമാണെന്നും കേരളത്തിൽ മഹാ കുഴപ്പമാണെന്നും വരുത്തിത്തീർക്കുന്നു. രാജ്യത്തിന്റെ മുമ്പിൽ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിൻ നടത്തുന്നത് സാധാരണ ബി.ജെ.പി ആണ്. ഇപ്പോൾ ആ ബി.ജെ.പിയുടെ ചുവട് പിടിച്ച് പാർലമെന്റിന്റെ മുമ്പിൽ നിന്ന് ഇവർ പാട്ടുപാടുകയാണ്. എന്താണ് അവർ ആവശ്യപ്പെടുന്നത്? സെൻട്രൽ ഏജൻസി വരണമെന്നാണ്. സെൻട്രൽ ഏജൻസികളെ എന്നാണ് കോൺഗ്രസ് വിശ്വസിക്കാൻ തുടങ്ങിയത്? എന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസ് എടുക്കുന്നത്?

ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച് ഞങ്ങൾ മുഖപ്രസംഗം എഴുതിയ ഘട്ടം ഏതാണ്? അത് ഒരു ഗ്ലോബൽ ഇഷ്യൂവിൽ അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവർ സ്വീകരിച്ച സന്ദർഭത്തിലാണ് ഞങ്ങൾ ആ നിലപാട് സ്വീകരിച്ചത്. നിങ്ങളുടെ സഹായത്തിലല്ലേ ബാബരി മസ്ജിദ് തകർക്കപ്പെട്ടത്?’ -റഹീം ചോദിച്ചു.

വൈറൽ ഗാനം എഴുതിയത് പ്രവാസി മലയാളി

നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’... എന്ന പാട്ടിന്റെ വരികൾ എഴുതിയത്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.

ഓർമയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം ശബരിമല അടക്കം ജനവിരുദ്ധമായ ഇടതു സർക്കാറിന്റെ നയങ്ങൾക്കെതിരായ തിരിച്ചടിയാണെന്നും ആ നിലപാടുകൾ തിരുത്താൻ അവർ സന്നദ്ധമാകണമെന്നും ഇടതുപക്ഷക്കാർ തന്നെ പിണറായിസത്തിനെതിരെ രംഗത്തുവന്നെന്നും അദ്ദേഹം ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു. നാട്ടിൽനിന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുടർച്ചയായി വിളിച്ച് സന്തോഷങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികൾക്കായി പാരഡി ഗാനങ്ങൾ പാർട്ടികളും മുന്നണികളും അവതരിപ്പിക്കാറുണ്ട്. നാട്ടിലെ വികസന നേട്ടങ്ങളും അഴിമതികൾ എന്നിവ അവതരിപ്പിച്ചും മുന്നണിയുടെയും സ്ഥാനാർഥിയുടെയും വാഗ്ദാനങ്ങൾ പറഞ്ഞും പുറത്തിറങ്ങുന്ന പാരഡി ഗാനങ്ങൾ വോട്ടർമാരിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അനൗൺസ്മെന്റ് വാഹനങ്ങളിലും സോഷ്യൽ മീഡിയകളിലൂടെയും ഇവ ജനങ്ങളിലെത്തിച്ച് ഓളമുണ്ടാക്കുകയാണ് സാധാരണ മുന്നണികൾ ചെയ്യാറുള്ളത്. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളക്കരായാകെ ഏറ്റുപാടിയ ഗാനമായിരുന്നു ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാറിനും സി.പി.എമ്മിനുമെതിരെ ഇറങ്ങിയ ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ...’ എന്ന ഗാനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റി സ്വർണം ചെമ്പാക്കി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വർണം കട്ടതെന്നും പറയുന്ന ഈ പാട്ട് സോഷ്യൽമീഡിയയിൽ നിരവധി പേരാണ് ഇപ്പോഴും ഷെയർ ചെയ്യുന്നത്.

600ഓളം പാട്ടുകൾ എഴുതിയ ജി.പി. കുഞ്ഞബ്ദുല്ല, തന്റെ 120ഓളം മാപ്പിളപാട്ടുകളുടെ സമാഹാരമായ ‘വർണചരിത്രം എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AA RAHIMSabarimala Gold Missing RowKerala Local Body Election
News Summary - aa rahim against pottiye kettiye
Next Story