കണ്ണൂര്‍: രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ. സുധാകരനെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ.എ. റഹീം. ധീരജ് എന്ന വിദ്യാർഥിയുടെ കൊലപാതകത്തെ തള്ളിപ്പറയാന്‍ സുധാകരനോ കോണ്‍ഗ്രസോ ഇതുവരെ തയ്യാറായിട്ടില്ല. സുധാകരന്‍റെ ചെറുമകന്‍റെ പ്രായമുള്ള ഒരു വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടതെന്നും റഹീം പറഞ്ഞു.
ഒരു കൗമാരക്കാരനെ ഇതുപോലെ കൊന്നുകളഞ്ഞ കോണ്‍ഗ്രസിന് കേരളത്തിന്‍റെ പൊതുമനഃസാക്ഷിയുടെ മുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. സുധാകരനിസത്തിന്‍റെ ഇഫക്ടാണിത്. കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയ പ്രവര്‍ത്തനമറിയില്ല.
രാഷ്ട്രീയ നേതാവായിട്ടല്ലെങ്കിലും ഒരു അച്ഛനായിട്ടെങ്കിലും സുധാകരന്‍ കൊലപാതകത്തെ തള്ളിപ്പറയണം. തള്ളിപ്പറയുന്നില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന്‍റെ സൈബര്‍ സംഘം വ്യാപകമായി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ അക്രമത്തെ തുറന്നെതിര്‍ക്കാനും അപലപിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് മനഃസാക്ഷിയുണ്ടാവണം.
ആസൂത്രിതമായി നടന്ന കൊലപാതകമാണിത്. പല എൻജിനീയറിങ് കോളജുകളിലും ഇത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായത് പോലും ഗുണ്ടായിസത്തിലൂടെയാണ്. അതേ ഗുണ്ടായിസത്തില്‍ കേരളത്തെയും കൈപ്പിടിയിലൊതുക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.