കോന്നിയിലെ പമ്പിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsകോന്നി: കോന്നിയിൽ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരന്‍റെ സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പിടികൂടി. കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് വില്ലേജിൽ കാട്ടൂർ വടക്കേതിൽ വീട്ടിൽ വിഷ്ണുവാണ് (28) അറസ്റ്റിലായത്.
മേയ് 30ന് പുലർച്ചയാണ് സംഭവം. പമ്പിലെ ജീവനക്കാരനായിരുന്ന മഠത്തിൽകാവ് സ്വദേശി ചേരിയിൽ വീട്ടിൽ അഭിലാഷിന്റെ സ്‌കൂട്ടറാണ് കവർന്നത്. പമ്പിൽനിന്ന് തള്ളി റോഡിൽ ഇറക്കിയ ശേഷം ഓടിച്ച് പോവുകയായിരുന്നു. താക്കോൽ സ്കൂട്ടറിൽ തന്നെയുണ്ടായിരുന്നു. ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ വിഷ്ണുവിന്‍റെ ഭാര്യവീട് കണ്ടെത്തി മൊബൈൽ നമ്പർ സംഘടിപ്പിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോന്നി ചൈനാമുക്കിൽനിന്ന് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറും കണ്ടെടുത്തു.
ഹരിപ്പാട്ടു നിന്ന് മോഷ്ടിച്ച ബൈക്കുമായി കോന്നിയിലെത്തി പെട്രോൾ വാങ്ങാൻ പമ്പിൽ കയറിയതിനിടെ ഇവിടെ കണ്ട സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ശൂരനാട്, ഹരിപ്പാട് സ്റ്റേഷനിലും വിഷ്ണുവിനെതിരെ നിരവധി കേസുണ്ട്.