സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽനിന്ന് 12.5 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷിനെയാണ് (37) പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2019ൽ പാലിയേക്കരയിലെ ക്രെയിൻ സർവിസ് സ്ഥാപനത്തിെൻറ ക്രെയിൻ റോപ് പൊട്ടിവീണ് ഒരാൾ മരിച്ച കേസ് റദ്ദാക്കിത്തരാമെന്ന് പറഞ്ഞ് ഒരാൾ ഉടമസ്ഥരെ സമീപിക്കുകയായിരുന്നു.
പരിചയത്തിലുള്ള സുപ്രീംകോടതി ജഡ്ജി കേസ് ഇല്ലാതാക്കിത്തരുമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് ബെൻസ് കാറിൽ ജഡ്ജി ചമെഞ്ഞത്തിയ ജിഗീഷ് ആദ്യഗഡുവായി അഞ്ചരലക്ഷം രൂപ കൈപ്പറ്റി. മറ്റൊരു ദിവസം എത്തി ബാക്കി തുകയും വാങ്ങി. ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിെൻറ ഓർഡർ കിട്ടും എന്നായിരുന്നു വാഗ്ദാനം. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നപ്പോൾ പരാതിക്കാരൻ ജിഗീഷിനെ ബന്ധപ്പെട്ടപ്പോൾ താൻ ഡൽഹിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. തുടർന്ന് മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും ബാങ്കിൽ പണം ഇല്ലാത്തതിനാൽ ചെക്ക് മടങ്ങുകയും ചെയ്തു.
കബളിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നമനട ഭാഗത്തെ വീട്ടിൽ വാടകക്ക് താമസിക്കവെയാണ് ജിഗീഷിനെ പിടികൂടിയത്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ പുതുക്കാട് സി.ഐ ടി.എൻ. ഉണ്ണികൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ സിദ്ദീഖ് അബ്ദുൽഖാദർ, കെ.എൻ. സുരേഷ്, പി.പി. ബാബു, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, മുഹമ്മദ് റാഷി, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ എം.ജെ. ബിനു, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജിഗീഷിെൻറ പേരിൽ നിരവധി കേസുകൾ
ആമ്പല്ലൂർ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയതിന് പിടിയിലായ ജിഗീഷ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 2015ൽ വളപട്ടണം സ്റ്റേഷൻ പരിധിയിൽ കാർ വാങ്ങി യുവാവിനെ വഞ്ചിച്ചതിനും 2018ൽ തളിപ്പറമ്പിൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
അതേവർഷം തന്നെ മറ്റൊരു യുവാവിന് സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനും രണ്ടു യുവാക്കൾക്ക് സെൻട്രൽ ഗവ. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും പൊലീസിലും ഫോറസ്റ്റ് ഡിപ്പാർട്മെൻറിലും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിനും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. യുവാവിന് കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലും സർക്കാറിെൻറ വ്യാജ സീലും മുദ്രകളും ഉണ്ടാക്കി സർട്ടിഫിക്കറ്റ് നിർമിച്ച് പണമിടപാട് നടത്തിയതിന് കോടനാട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
ആർഭാടമായ ജീവിതശൈലിയാണ് ഇയാൾ പിന്തുടർന്നിരുന്നത്. ബെൻസ് കാറിലായിരുന്നു സഞ്ചാരം. കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും ഇയാളുടെ സ്വത്തുവിവരങ്ങളെപ്പറ്റിയും മറ്റു സംഘാംഗങ്ങളെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.