കണ്ണുറങ്ങാത്ത കൂട്ടിൽ പിറന്നു കുഞ്ഞുനക്ഷത്രം
text_fieldsഅഫീൽ, ജോൺസൺ ജോർജ്-ഡാർലി ദമ്പതികൾക്ക് പിറന്ന പെൺകുഞ്ഞ്
ഡാർലിക്കും ജോൺസനും കടന്നുപോയത് തീരാവേദനയുടെ രണ്ട് ക്രിസ്മസ് കാലങ്ങൾ. ഇക്കുറി പുൽക്കൂടുകളിൽ വെളിച്ചം തെളിഞ്ഞ നക്ഷത്ര രാവുകളിൽ കേട്ട ക്വയർ സംഗീതത്തിന് താരാട്ടിന്‍റെ ഈണമായിരുന്നു. രണ്ട് വർഷം മുമ്പ് പാലായിൽ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് നടക്കുന്നതിനിടെ തലയിൽ ഹാമർ വീണ് മരിച്ച അഫീൽ ജോൺസന് പുതുവർഷത്തിൽ കുഞ്ഞനുജത്തി പിറന്നിരിക്കുന്നു.
ആണും പെണ്ണുമായി ഒരേയൊരു സന്തതിയേ ഉണ്ടായിരുന്നുള്ളൂ ജോൺസൺ ജോർജ്-ഡാർലി ദമ്പതികൾക്ക്. അവൻ പോയതോടെ കോട്ടയം മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞംകുളത്തെ ആ വീട് ശബ്ദവും ചലനവുമില്ലാതെ കിടന്നു. പ്രാർഥനകൾക്കൊടുവിൽ ദൈവം മാലഖക്കുഞ്ഞിനെയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുകയാണ് ഡാർലിയും ജോൺസനും. എയ്ഞ്ചൽ ജോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
മൂവാറ്റുപുഴ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവ തിയേറ്ററിലേക്ക് പോവുമ്പോഴും സോനുവിന്‍റെ (അഫീൽ) ചിത്രം മാറോടണച്ച് പിടിച്ചിരുന്നു ഡാർലി. 18 കൊല്ലത്തിന് ശേഷം പിറന്ന രണ്ടാമത്തെ കുഞ്ഞിന് എയ്ഞ്ചൽ ജോ എന്നാണ് പേരിട്ടിരിക്കുന്നത്.
ജോൺസൺ ജോർജ്-ഡാർലി ദമ്പതികൾ കുഞ്ഞിനൊപ്പം
മധ്യവയസ്സിലേക്ക് പ്രവേശിക്കാനിരിക്കെ മകനിലൂടെ അനാഥരാവേണ്ടി വന്ന രണ്ടുപേരുടെ കണ്ണിലെ ചോരത്തുള്ളികളായിരുന്നു അഫീൽ ജോൺസൻ. 2019 ഒക്ടോബർ നാല് വെള്ളിയാഴ്ചയാണ് കായിക കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ വോളൻറിയറായിരുന്ന അഫീലിന്‍റെ തലയിൽ ഹാമർ പതിച്ചു. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളജ് ആശുപത്രിയിലെ 25ാം വാർഡിന് സമീപത്തെ ന്യൂറോ ഐ.സി.യുവിന് മുന്നിൽ കണ്ണുറങ്ങാതെ പ്രാർഥനകളോടെ ജോൺസനും ഡാർലിയും കാത്തിരുന്നു. 17 ദിവസത്തെ കാത്തിരിപ്പ് പക്ഷെ ഒക്ടോബർ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ എന്നന്നേക്കുമായി അവസാനിച്ചു. അത്രയേറെ ഗുരുതരമായിരുന്നു പരിക്കുകള്‍. മൂന്ന് കിലോ ഗ്രാം ഭാരമുള്ള ഹാമറാണ് വൻ വേഗതയിൽ വന്ന് നെറ്റിയുടെ ഇടതുഭാഗത്ത് പതിച്ചത്. തലയോട്ടി ഉള്ളിലേക്ക് കയറി തലച്ചോറിന് ക്ഷതമേറ്റിരുന്നു.
ജോൺസൺ ജോർജും ഡാർലിയും അഫീലിന്‍റെ ജഴ്സി, ബൂട്ട് എന്നിവയുമായി (ഫയൽ ചിത്രം)
അഫീലിന് പ്രകാശം എന്നത്രെ അർഥം. അവൻ ജീവിതത്തിലുടനീളം പ്രകാശമേകുന്ന നക്ഷത്രമായി ജ്വലിച്ചുനിൽക്കുമെന്നാണ് കരുതിയത്. മികച്ച ഫുട്ബാളറായിരുന്നു. വലിയ താരമാവുന്നത് സ്വപ്നം കണ്ടു. പള്ളിയിലെ ക്വയർ സംഘത്തിലെ ഗായകനും. എല്ലാം ഇന്ന് ഓർമകളാണ്. അഫീൽ മരിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നീതി കിട്ടിയില്ലങ്കിൽ ഉന്നത നീതിപീഠങ്ങളെ സമീപിക്കാനാണ് ജോൺസന്‍റെയും ഡാർലിയുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

