കൊച്ചിയിൽ ഡി.ജെ പാർട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ കുത്തിപരിക്കേൽപ്പിച്ച് യുവതി
text_fieldsകൊച്ചി: കതൃക്കടവിലെ ബാറിൽ ഡി.ജെ പാർട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ കുത്തിപരിക്കേൽപ്പിച്ച് യുവതി. വൈൻ ഗ്ലാസിന്റെ ചില്ലുകൊണ്ടാണ് യുവതി യുവാവിനെ കുത്തിയത്. ആക്രമണത്തിൽ യുവാവിന് നിസാര പരിക്കേറ്റു. എന്നാൽ, യുവതിക്കെതിരെ യുവാവ് പരാതി നൽകാത്ത സാഹചര്യത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. യുവതിയും പൊലീസിന് പരാതി നൽകിയിട്ടില്ല.
കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിൽ ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. സംഭവം നടക്കുമ്പോൾ ചില സിനിമതാരങ്ങളും പിന്നണിഗായകരും ബാറിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വലിയ ആൾക്കൂട്ടം ബാറിന് മുന്നിൽ തടിച്ചുകൂടി.
കഴിഞ്ഞ വർഷം ഇതേബാറിന് മുന്നിൽ വെടിവെപ്പുണ്ടായിരുന്നു. 2024 ഫെബ്രുവരി 11നാണ് വെടിവെപ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ നിന്നും മദ്യപിച്ചെത്തിയ സംഘം വീണ്ടും മദ്യം ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്.
തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ഇത് ചോദ്യം ചെയ്ത ബാർ മാനേജരെ മർദിക്കുകയും ചെയ്തു. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്ത് വെടിവെച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കാനായി കർശന നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

