ഡാ ചാടല്ലടാ.. പ്ലീസ്, അലറി വിളിച്ച് പൊലീസുകാരൻ റെയിൽവേ ട്രാക്കിലൂടെ ഓടി; മരണമുഖത്ത് നിന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി
text_fieldsആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനായി ട്രാക്കിൽ നിന്ന യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഹരിപ്പാട് ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിലാണ് സംഭവം.
യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് സിവിൽ പൊലീസ് ഓഫീസർ നിഷാദ് റെയിൽവേ ട്രാക്കിന് സമീപം എത്തുന്നത്. സമീപത്തെ ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോഴാണ് ഒരാൾ ട്രാക്കിൽ നിൽക്കുന്നുണ്ടെന്നും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്‍ദി ഉടൻ എത്തുമെന്നും അറിയിച്ചത്.
ട്രെയിൻ ഹരിപ്പാട് പിന്നിട്ടതിനാൽ പിടിച്ചിടാനും കഴിയില്ലായിരുന്നു. ഏതാണ്ട് 200 മീറ്റർ അപ്പുറത്തുള്ളയാളെ ലക്ഷ്യമാക്കി നിഷാദ് ഓടുകയായിരുന്നു. എന്നാൽ പകുതി ദൂരമായപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു. ഓടിയെത്തുക പ്രയാസമായതിനെ തുടർന്ന് 'ഡാ ചാടെല്ലടാ പ്ലീസ്' എന്ന് അലറി വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ഓട്ടത്തിനിടയിൽ ചെരിപ്പ് ഊരിപ്പോയി പൊലീസുകാരൻ ട്രാക്കിൽ വീണെങ്കിലും ട്രെയിൻ കടന്ന് പോകുംമുൻപ് ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരന്റെ അലർച്ച കേട്ട് യുവാവും ട്രാക്കിൽ നിന്ന് മാറി നിന്നു. ജീവൻപണയം വെച്ച് പൊലീസ് ഓഫീസർ നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. താൻ മാനസികമായി ഏറെ തളർന്നിരിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് ട്രാക്കിൽ നിന്നതെന്നും യുവാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

