യുവാവ് ആശുപത്രിയിൽ ഹൃദയാഘാതത്താൽ മരിച്ചു
text_fieldsRepresentational Image
പുനലൂർ: ഹൃദയാഘാതം വന്ന് യുവാവ് ആശുപത്രിയിൽ മരിച്ചു. പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ മഹേഷ് കുമാർ (36) ആണ് മരിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
സുഹൃത്തിന്റെ പിതാവായ പാലിയേറ്റിവ് കെയർ യൂനിറ്റിൽ ചികിത്സയിലുള്ള രോഗിക്ക് രക്തം നൽകാനാണ് മഹേഷ് എത്തിയത്. രക്തം ശേഖരിക്കുന്നതിനുമുമ്പ് പതിവുപോലെ യുവാവിന്‍റെ രക്തസമ്മർദം, പൾസ് അടക്കം ആശുപത്രിയിൽ പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.
അസാധാരണമായി മറ്റൊന്നും കണ്ടെത്താത്തതിനെ തുടർന്ന് രക്തം ശേഖരിച്ചു. തുടർന്ന്, പുറത്തേക്കിറങ്ങി ശീതളപാനീയവും കുടിച്ചശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഗ്യാസ്ട്രബിൾ ആയിരിക്കുമെന്നും കുഴപ്പമില്ലെന്നും മഹേഷ് ഡോക്ടറോട് പറഞ്ഞു. എന്നാൽ, ഇ.സി.ജി എടുത്തപ്പോൾ നേരിയ വ്യത്യാസം ശ്രദ്ധയിൽപെട്ടു. ഉടനടി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
ആശുപത്രി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം മഹേഷിന്റെ ജീവൻ രക്ഷിക്കാൻ ഏറെനേരം പണിപ്പെട്ടു. അപകടനില തരണം ചെയ്താൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുന്നതിന് ആംബുലൻസും ക്രമീകരിച്ചെങ്കിലും മഹേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഒരു ജീവൻ രക്ഷിക്കാനെത്തിയ യുവാവിന് സ്വന്തം ജീവൻ നഷ്ടപ്പെട്ട സംഭവം ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാനാകാത്ത വേദനയായി. നിർമാണത്തൊഴിലാളിയാണ് മഹേഷ് കുമാർ. പരേതനായ മനോഹരന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: സുജിത. മക്കൾ: അഭിനവ്, അർപ്പിത, ഐശ്വര്യ. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.