ട്രെയിൻ യാത്രക്കിടെ യുവാവിനെ കാണാതായി; തെറിച്ചുവീണതായി സംശയം, തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
text_fieldsറാന്നി: ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവ് തെറിച്ചുവീണ് അപകടത്തിൽ പെട്ടതായി സംശയം. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്‍റെ മകന്‍ വിനീതിനെ (32)യാണ് ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽ വെച്ച് കാണാതായത്.
മംഗളൂരുവിൽ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് എഴുന്നേറ്റു പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ സുഹൃത്തുക്കൾ ശുചിമുറിയിൽ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല. ഈ സമയം ട്രെയിനിൽ പിന്നിലെ കംമ്പാര്‍ട്ടുമെന്‍റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേക്കു വീണതായി കണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി.
നാട്ടുകാരുടെ സംഘവും പരിശോധനക്ക് കൂടിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല. വീണതായി സംശയം തോന്നിയ സ്ഥലത്ത് മൂന്നൂറ് മീറ്ററിന് ഇടക്ക് നദിയിൽ രണ്ട് പാലം ഉള്ളതായി പൊലീസ് പറയുന്നു. ഇനി നദിയിലാണ് തിരച്ചിൽ നടത്തേണ്ടതെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കള്‍ വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണത്തിനായി പരാതി റെയില്‍വേ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

