തൃശൂർ പോർക്കുളത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; ആക്രമണം വാക്കുതർക്കത്തിനിടെ
text_fieldsതൃശൂർ: തൃശൂർ പോർക്കുളത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പോർക്കുളം സ്വദേശി രാഹുലി(23) നാണ് ഗുരുതര പരിക്കേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
പെരുന്നാൾ കണ്ട് മടങ്ങി വന്ന രാഹുൽ പോർക്കുളത്ത് സുഹൃത്തുകൾക്കൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം എന്തിന് ഇവിടെ ഇരിക്കുന്നുവെന്ന് യുവാക്കളോട് ചോദിച്ചു. ഉടൻ തന്നെ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പോകാൻ യുവാക്കൾ തയാറാകാത്തതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് ബൈക്കിലെത്തിയവരിൽ ഒരാളായ നിബിൻ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് രാഹുലിനെ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുത്തിയതെന്ന് നിബിനാണെന്ന് രാഹുൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.