കുടുംബവഴക്കിനിടെ യുവാവ് ഭാര്യവീട്ടില്‍ കൊല്ലപ്പെട്ടു
text_fieldsവൈപ്പിന്‍: ഭാര്യവീട്ടിലെ കുടുംബവഴക്കിനിടെയുണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ടു. സൗത്ത് പുതുവൈപ്പ് കുറുപ്പന്‍കടവില്‍ ബിബിനാണ് (33) എളങ്കുന്നപ്പുഴയിലെ ഭാര്യവീട്ടില്‍ കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് കാരോത്ത് സതീശന്‍ (56), മകന്‍ വിഷ്ണു എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. തിങ്കളാഴ്ചയും മൂവരും തമ്മിൽ വാക്തര്‍ക്കം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ബിബിന്റെയും വിനിമോളുടെയും പ്രണയവിവാഹമായിരുന്നു. ഇരുവരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വിനിമോൾ സ്വന്തം വീട്ടിലായിരുന്നു താമസം. ഭാര്യയെ വിളിച്ചുകൊണ്ടുപോകാനാണ് ബിബിന്‍ ഇവിടെയെത്തിയതെന്ന് പറയുന്നു.
ചികിത്സയിലുള്ളവർ ആശുപത്രി വിട്ടശേഷം കൂടുതൽ ചോദ്യം ചെയ്താലേ യഥാർഥത്തിൽ സംഭവിച്ചത് അറിയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. ബിബിന്റെ അച്ഛന്‍: ബാബു, മാതാവ്: ആശ. ഞാറക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

