കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
text_fieldsവർക്കല:ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ചാവർകോട് റോസ് വില്ലയിൽ പരേതനായ മണിലാലിന്റെയും റോജയുടെയും മകൻ അക്ഷയ് (22) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ചാവർകോട് സ്റ്റാർ ഹൗസിൽ ഗൗതം (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച സന്ധ്യക്ക് ഏഴോടെ വർക്കല കണ്ണംബ ജങ്ഷന് സമീപത്താണ് അപകടം നടന്നത്. സുഹൃത്തുക്കളായ യുവാക്കൾ ചാവർകോട്ടേക്ക് പോകുകയായിരുന്നു. അമിതവേഗത്തിൽ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് യുവാക്കൾ തെറിച്ചു വീഴകയായിരുന്നു. നാട്ടുകാർ ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അക്ഷയ് മരിച്ചു.
ഗൗതമിനെ ബന്ധുക്കൾ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അപകടമുണ്ടായിട്ടും നിർത്താതെ കാർ ഓടിച്ചുപോകുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. വർക്കല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹിമയാണ് അക്ഷയുടെ സഹോദരി.

