സുരക്ഷയില്ലാതെ സ്ത്രീജീവിതം
text_fieldsകൽപറ്റ: രാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് വർഷങ്ങളേറെയായിട്ടും സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ ഏഴര വർഷത്തിനിടെ ജീവൻ നഷ്ടമായത് നൂറോളം പെൺകുട്ടികൾക്ക്. ഇതിൽ ചിലർ സ്ത്രീധനത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായ നിരന്തര പീഡനമേറ്റ് സ്വയം ജീവൻ ത്യജിച്ചവരാണെങ്കിൽ മറ്റുചിലർ ഭർത്താവിന്റെയും ബന്ധുക്കളുടെയും കൈകളാൽ കൊല ചെയ്യപ്പെട്ടവരാണ്.
പൊലീസിന്റെ ക്രൈം റെക്കോഡ് കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വർഷത്തിനിടെ നടന്നത് 95 സ്ത്രീധന പീഡന മരണങ്ങളാണ്. 2016ൽ 25 പേരും 2017-12, 2018 -17, 2019 -8, 2020 -6, 2021-9, 2022 -11, 2023 ഒക്ടോബർ വരെ ഏഴു പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
ഇന്ത്യയിൽ 1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്ക്ക് ഒരു കുറവുമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്ത്രീധന നിരോധന നിയമം അനുസരിച്ച് വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാരിൽനിന്ന് വരനോ മാതാപിതാക്കളോ ബന്ധുക്കളോ പണമോ സ്വത്തോ മറ്റു വസ്തുക്കളോ സ്വീകരിക്കുന്നത് കുറ്റമാണ്.
സ്ത്രീധനം വാങ്ങുന്നത് കുറ്റകരമായ നാട്ടിലാണ് സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ സ്ത്രീകൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. സ്ത്രീകൾ ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും അനുഭവിച്ച ക്രൂരതയുടെ കണക്കുകളും ഭീകരമാണ്. ഏഴര വർഷത്തിനിടെ രജിസ്റ്റർ ചെയ്ത സ്ത്രീപീഡന കേസുകളുടെ എണ്ണം 31,026 ആണ്. ഭർത്താവും ഭർതൃവീട്ടുകാരും പ്രതികളായ ഓരോ വർഷത്തെയും കേസുകളുടെ കണക്ക് ഇപ്രകാരമാണ്: 2016 -3455, 2017 -2856, 2018 -2046, 2019-2970, 2020 -2707, 2021-4997, 2022-4998, 2023 ഒക്ടോബർ വരെ -3997.
ഇതേ കാലയളവിൽ 1,21,436 കേസുകളാണ് സ്ത്രീകൾക്കു നേരെയുള്ള വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2016 -15,114, 2017-14,263, 2018-13,643, 2019-14,293, 2020-12,659, 2021-16,199, 2022-18,943, 2023 ഒക്ടോബർ വരെ-16,322 എന്നിങ്ങനെയാണ് കണക്കുകൾ.
ഈ വർഷം ഒക്ടോബർ വരെ 2178 ബലാത്സംഗക്കേസുകളും 3971 പീഡനക്കേസുകളും 124 തട്ടികൊണ്ടുപോകൽ കേസുകളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

