പത്തനംതിട്ട പുല്ലാട് ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു; ഭാര്യാ പിതാവിനും സഹോദരിക്കും കുത്തേറ്റു; പ്രതിയെ പിടികൂടാനായില്ല
text_fieldsശാരിമോൾ
പത്തനംതിട്ട: കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ പുല്ലാട് ആലംതറയിൽ നടന്ന സംഭവത്തില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശാരിമോള്‍ (ശ്യാമ-35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ അജിക്കായി (38) പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ ശാരി മരിച്ചു.
ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ആക്രമണത്തിനുശേഷം അജി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അജിയെ അയല്‍വാസികളുടെ നേതൃത്വത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ, തുമ്പൊന്നും കിട്ടിയില്ല.
ശാരിയെ സംശയമായിരുന്ന ജയകുമാര്‍ നിരന്തരം വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിനെ തുടര്‍ന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ കൗണ്‍സലിങ് നല്‍കി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും വഷളാകുകയും ജയകുമാര്‍ ശാരിയെയും ശാരിയുടെ അച്ഛന്‍ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധാമണി എന്നിവരെയും കുത്തി വീഴ്ത്തുകയുമായിരുന്നു. ശാരി ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. വെൽഡറാണ് അജി.
ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ദമ്പതികള്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. രാത്രി വഴക്കിനൊടുവില്‍ ഇയാള്‍ യുവതിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും ആക്രമിക്കുകയായിരുന്നു.
കവിയൂര്‍ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ്; അറാം ക്ലാസ് വിദ്യാർത്ഥിനി ആവണി, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി വേണി, എൽ.കെ.ജി വിദ്യാർത്ഥിനി ശ്രാവണി.
ശാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കുമ്പനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

