നിധിനയെ കൊല്ലാനുള്ള ബ്ലേഡ് വാങ്ങിയത് ഒരാഴ്ച മുൻപ്, മാതാവിനും ഭീഷണി...
text_fieldsകോട്ടയം: പാലാ കോളജ് കാമ്പസിനുള്ളില്‍ വെച്ച് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ച മുൻപ് ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് മൊഴി നൽകി. ഒരാഴ്ച മുൻപ് കുത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയിൽ ഉൾപ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയുമായി സെന്‍റ് തോമസ് കോളജിൽ എത്തിയും തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.
പെൺകുട്ടിയുടെ മാതാവിനും അഭിഷേക് തി ഭീഷണി സന്ദേശം അയച്ചിരുന്നു. നിധിനയുമായി പ്രശ്നങ്ങള്‍ ഉണ്ടായിത്തുടങ്ങിയ സമയത്ത് നിധിനയുടെ അമ്മയുടെ ഫോണിലേക്ക് പ്രതിയായ അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നിധിന വിവാഹാഭ്യര്‍ഥന നിരസിച്ചതോടെയാണ് പെൺകുട്ടിയുടെ മാതാവിന് ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നതായി വ്യക്തമായത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെൻറ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും.
പരീക്ഷ കഴിയും മുൻപേ ഹാളിൽ നിന്ന് ഇറങ്ങിയ അഭിഷേക് നിതിനയെ കാത്തുനിന്നു. പിന്നാലെ വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വർഷമായി നിധിനയുമായി പ്രണയത്തിലായിരുന്നു എന്നും നിധിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി നൽകി.