കളിക്കുന്നതിനിടെ കോണിപ്പടിയിൽനിന്ന് വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsകോന്നി: കളിക്കുന്നതിനിടെ വീടിന്‍റെ പിന്നിലെ കോണിപ്പടിയിൽനിന്ന് വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. കോന്നി മാങ്കുളം പള്ളിമുരുപ്പേൽ ഷെബീർ - സബീന ദമ്പതികളുടെ മകൾ അഫ്റ മറിയം ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം.
മാതാവ് വീടിനുപുറത്ത് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുമ്പോൾ തൊട്ടുമുകളിൽ കോണിപ്പടി കയറി ചെല്ലുന്ന വീടിന്‍റെ ടെറസ് ഭാഗത്ത് അഫ്റ നിൽക്കുന്നതുകണ്ടു. താഴെ ഇറങ്ങി മുറിക്കുള്ളിലേക്ക് പോകാൻ മകളോട് ആവശ്യപ്പെട്ടു. കുഞ്ഞ് തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് കാൽവഴുതി വീണത്. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടൻ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് മുകളിലത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുകയാണ്. അപകടസമയത്ത് മാതാവ് സബീന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സൗദി അറേബ്യയിലെ അസറയിൽ ഡ്രൈവറാണ് പിതാവ് ഷെബീർ. അഫ്റക്ക് ഒന്നരമാസം പ്രായമുള്ളപ്പോൾ നാട്ടിലെത്തി മടങ്ങിയതാണ്. സഹോദരങ്ങൾ: അഥില ഫാത്തിമ, അഥീനാ ഫാത്തിമ. ഖബറടക്കം പിന്നീട്. അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

