ചിക്കൻ റോളിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു
text_fieldsഎകരൂല്‍: ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി പഞ്ചായത്തിലെ ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്‍റെ വീട്ടില്‍ മുഹമ്മദ് യമീനും കുടുംബവും വിരുന്നിന് പോയിരുന്നു.
ഇവിടെനിന്ന് കഴിച്ച ചിക്കൻ റോളിൽനിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയുടെ സഹോദരി എട്ടുവയസുകാരി ഇസ ഫാത്തിമ അടക്കം12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം.
വെള്ളിയാഴ്ച ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖത്തറിലുള്ള പിതാവ് അക്ബര്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പിതാവ് നാട്ടിലെത്തിയതിനുശേഷം ഇയ്യാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.