കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ പരിക്കേറ്റ ആദിവാസി യുവതി മരിച്ചു
text_fieldsമൂന്നാർ: ഇടമലക്കുടിയിൽ കാട്ടാനയെക്കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റ ആദിവാസി യുവതി മരിച്ചു. ഷെഡുകുടി സ്വദേശി അസ് മോഹനന്റെ ഭാര്യ അംബികയാണ് (36) ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്ന ഇവർ രണ്ടാഴ്ച മുമ്പ് കാട്ടാനയെക്കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് വീണ് പരിക്കേൽക്കുന്നത്. പരിക്കേറ്റ അന്നുതന്നെ ഗർഭസ്ഥ ശിശു മരണപ്പെട്ടിരുന്നു.
രാവിലെ കുളിക്കാൻ പോയ അംബികയെ പുഴയോരത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അംബികയെ ജീപ്പിൽ പെട്ടിമുടിയിലെത്തിച്ച ശേഷം ആംബുലൻസിൽ വൈകീട്ട് ഏഴോടെ മൂന്നാറിലെ ടാറ്റ ടീ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്ഥിതി ഗുരുതരമായതിനാൽ രാത്രി തന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാവിലെ പത്തരയോടെയാണ് മരണം. യുവതിക്ക് മൂന്നു കുട്ടികളുണ്ട്.