നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭാഗം പൂർണമായും കത്തിനശിച്ചു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയിൽനിന്ന് കൊല്ലത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്.
തലനാരിഴക്കാണ് വൻഅപകടം ഒഴിവായത്. ഈ സമയം ബസിൽ ഇരുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു. മുൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. നെയ്യാറ്റിൻകര മണ്ണക്കല്ല് ബൈപ്പാസിൽ വെച്ചായിരുന്നു തീപിടുത്തം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ ലഗേജും ലാപ്ടോപ്പും അടക്കം കത്തി നശിച്ചു.
യാത്ര തുടങ്ങിയത് മുതൽ ബസിന് തുടർച്ചയായി പ്രശ്‌നങ്ങൾ ഉണ്ടായതായി യാത്രക്കാർ പറയുന്നു. രണ്ടര മണിക്കൂർ വൈകിയാണ് ബസ് യാത്ര തുടങ്ങിയത്. വഴിമധ്യേ പലയിടങ്ങളിൽ വെച്ചും ബസ് പണിമുടക്കി. യാത്രക്കിടെ പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിൽ തീ ആളിപ്പടർന്നു.
നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.