‘പൊന്നുമോന് നീതി കിട്ടി, നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’; പൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ മാതാവ്
text_fieldsതിരുവനന്തപുരം: വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഷാരോണിന്‍റെ മാതാവ്. നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയുണ്ടെന്നും വിധി കേട്ടശേഷം കോടതി മുറിയിൽനിന്ന് പുറത്തുവന്ന ഷാരോണിന്‍റെ മാതാവ് മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞു പറഞ്ഞു.
‘മാതൃകാപരമായ ശിക്ഷാവിധിയാണ് കോടതിയിൽനിന്നുണ്ടായത്. നിഷ്‌കളങ്കനായ എന്റെ മോന്റെ നിലവിളി കണ്ട് ജഡ്ജിയുടെ രൂപത്തിൽ ദൈവമിറങ്ങിവന്നു. ഞങ്ങൾ പ്രതീക്ഷിച്ച ഏറ്റവും വലിയ ശിക്ഷാ വിധി തന്നെ കിട്ടി’ -മാതാവ് പ്രതികരിച്ചു. ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിക്കുമ്പോഴും കോടതി മുറിയിൽ ഒന്നും പ്രതികരിക്കാതെ കൂസലില്ലാതെയാണ് ഗ്രീഷ്മ നിന്നിരുന്നത്. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാൻ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ഗ്രീഷ്മ.
വിധി കേട്ട് ഷാരോണിന്റെ അച്ഛനും അമ്മയും കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. നേരത്തെ, ഷാരോണിന്‍റെ കുടുംബത്തെ ജഡ്ജി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് വിധി കേൾക്കാനായി ഇരുവരും കോടതി മുറിയിലെത്തിയത്. വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മക്ക് വധശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവും വിധിച്ചു. കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതെന്ന് കോടതി വ്യക്തമാക്കി. ലൈഗിംകബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോൺ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

