പാലക്കാട് രാഹുലിന് പകരം എ. തങ്കപ്പൻ, തൃത്താലയിൽ വി.ടി. ബൽറാം; സീറ്റ് നൽകണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം, മത്സര സന്നദ്ധത അറിയിച്ച് സന്ദീപ് വാര്യർ
text_fieldsപാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ച പാലക്കാട് നിയമസഭ സീറ്റിലേക്ക് പുതിയ സ്ഥാനാർഥിയെ ശിപാർശ ചെയ്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ആരോപണവിധേയനായ സിറ്റിങ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ വിജയിച്ചാൽ വീണ്ടും പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പിലും എ. തങ്കപ്പനെ സ്ഥാനാർഥിയായി പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നു.
തൃത്താലയിൽ വി.ടി. ബൽറാം തന്നെ സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബൽറാം തന്നെ മത്സരിക്കണമെന്നാണ് പ്രവർത്തകർ മുന്നോട്ടുവെക്കുന്ന ആവശ്യം. രണ്ട് തവണ തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.ടി. ബൽറാം 2021 തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷിനോടാണ് പരാജയപ്പെട്ടത്. തുടർന്ന് കെ.പി.സി.സി ഉപാധ്യക്ഷനാവുകും പൂർണ സമയം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിയാകാൻ തയാറാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ വ്യക്തമാക്കിയിരുന്നു. നേരത്തെ, പാലക്കാട് സന്ദീപ് വാര്യർ സ്ഥാനാർഥിയാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വ്യക്തമാക്കി.
തൃശ്ശൂർ വൈകാരിക അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയാകുന്നത് ഏറെ സന്തോഷമാണ്. ബി.ജെ.പി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ ബി.ജെ.പി മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

