തത്തയുടെ കാലിൽ സ്റ്റീൽ വളയം കുടുങ്ങി; ഊരിയെടുക്കാൻ ഒടുവിൽ ഫയർഫോഴ്സ് വന്നു
text_fieldsതിരുവല്ല: ആസ്ട്രേലിയൻ ഇനത്തിൽപ്പെട്ട വളർത്തുതത്തയുടെ കാലിൽ കുടുങ്ങിയ സ്റ്റീൽ വളയം അഗ്നിശമന സേന ഉദ്യോഗസ്ഥർ ചേർന്ന് അതിവിദഗ്ധമായി മുറിച്ചുമാറ്റി. തിരുവല്ല കുറ്റപ്പുഴ ബഫേൽ പടി ഐ.പി.സി ചർച്ചിലെ പാസ്റ്ററായ ആൽബിൻ ടി. റിജോ വളർത്തുന്ന കോക്കറ്റൈൽ എന്ന ഇനത്തിൽ വരുന്ന മൂന്നര വയസ്സ് പ്രായമുള്ള തത്തയുടെ വലതുകാലിലാണ് സ്റ്റീൽ വളയം കുടുങ്ങിയത്. ഊരിയെടുക്കാനാവാത്ത വിധത്തിൽ കുടുങ്ങിയതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
മല്ലപ്പള്ളിയിലെ പക്ഷി വില്പന കേന്ദ്രത്തിൽ നിന്നുമാണ് ആൽബിൻ തത്തയെ വാങ്ങിയത്. വാങ്ങിയ സമയത്ത് കാലിൽ ഉണ്ടായിരുന്നതാണ് സ്റ്റീൽ വളയം. തത്ത വലുതായതോടെ ഊരിയെടുക്കാൻ കഴിയാതായി. വളയം കാലിൽ മുറുകിയതിനെ തുടർന്ന് തത്തയുടെ കാലിൽ നീരുവന്നു വീർത്തു. ആൽബിനും സുഹൃത്തുക്കളും ചേർന്ന് വളയം നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ തത്തയെ കൂട്ടിലാക്കി തിരുവല്ലയിലെ ഫയർ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫിസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ഓഫിസർമാരായ കെ.കെ. ശ്രീനിവാസൻ, എസ്.ആർ. സതീഷ് കുമാർ, ഫയർ ഓഫിസർമാരായ എസ്. മുകേഷ്, സി. ശ്രീദാസ്, കെ.വി. വിഷ്ണു എന്നിവരടങ്ങുന്ന സംഘം ചെറിയ കട്ടർ ഉപയോഗിച്ച് തത്തയുടെ കാലിന് ഒരു പോറൽ പോലും ഏൽക്കാതെ വളയം മുറിച്ചുനീക്കുകയായിരുന്നു. പിന്നീട് തത്തയെ മഞ്ഞാടിയിലെ സ്വകാര്യ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

