പിണറായിക്കും ഗോവിന്ദനും രക്ഷാകവചം; സെക്രട്ടേറിയറ്റിന്‍റേത് വിമർശനങ്ങൾ ‘വെട്ടിനിരത്തിയ’ റിപ്പോർട്ട്
text_fieldsഎം.വി. ഗോവിന്ദൻ, പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ ജില്ലകളിലടക്കം രൂക്ഷ വിചാരണ നടന്നെങ്കിലും, സി.പി.എം സെക്രട്ടേറിയറ്റ് ക്രോഡീകരിച്ച് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത് ഇത്തരം വിമർശനങ്ങളെല്ലാം ‘വെട്ടിനിരത്തിയ’ റിപ്പോർട്ട്. സർക്കാറിനും പാർട്ടിക്കും നേതൃത്വം നൽകിയവർക്കെതിരായ കടുത്ത പരാമർശങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ട്, തോൽവിക്ക് പിന്നിൽ ‘വിവിധ കാരണങ്ങളും ഘടകങ്ങളുമാണെന്ന’ പൊതു വിലയിരുത്തലിലാണ്.
ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നത് തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന പാർട്ടി ഘടകങ്ങളിലെയെല്ലാം പൊതുവികാരമായിരുന്നുവെങ്കിൽ, ‘ഭരണത്തുടർച്ച പാർട്ടിയെ ആലസ്യത്തിലാക്കി’ എന്ന മൃദു പരാമർശമാണ് റിപ്പോർട്ടിലുണ്ടായത്. ഇതാകട്ടെ സംസ്ഥാന കമ്മിറ്റിയിലും വിമർശനത്തിനിടയാക്കി. സെക്രട്ടേറിയറ്റ് അവതരിപ്പിച്ച റിപ്പോർട്ടിൽ തിരുത്തൽ വേണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിലുണ്ടായതും ഈ സാഹചര്യത്തിലാണ്. പരമ്പരാഗതമായി സംസ്ഥാന നേതൃത്വം തയാറാക്കുന്ന റിപ്പോർട്ട് കീഴ്ഘടകങ്ങളിലേക്ക് നൽകുന്ന ശൈലിയിൽ നിന്ന് പൂർണമായി മാറി, പാർട്ടി അണികൾക്ക് ‘സ്വതന്ത്രമായും നിർഭയമായും’ അഭിപ്രായം രേഖപ്പെടുത്താമെന്ന ആനുകൂല്യം നൽകിയാണ് ഇക്കുറി അവലോകനങ്ങൾക്ക് പാർട്ടി തുടക്കമിട്ടത്.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാൻ തുടക്കത്തിൽ ശ്രമങ്ങളുണ്ടായെങ്കിലും ജില്ലാ കമ്മിറ്റികളിലും താഴെത്തട്ടിലും ഉയർന്നുവന്ന രൂക്ഷമായ വിമർശനങ്ങൾ ആ വാദത്തെ പൂർണമായി തള്ളിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും പ്രവർത്തന ശൈലികളും നയങ്ങളുമാണ് ഈ കനത്ത തകർച്ചക്ക് പ്രധാന കാരണമെന്ന് വിവിധ പാർട്ടി ഘടകങ്ങളിൽ അംഗങ്ങൾ തുറന്നടിക്കുകയും ചെയ്തു. എന്നാൽ പരാജയത്തിന്റെ കാരണം ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ മേൽ കെട്ടിയേൽപിക്കാനാവില്ലെന്ന നിലപാടിലാണ് പിണറായിയെയും എം.വി ഗോവിന്ദനെയും പരിക്കേൽപിക്കാതെയുള്ള റിപ്പോർട്ട് സെക്രട്ടേറിയറ്റ് തയാറാക്കിയത്.
ജില്ലകളിൽ രൂക്ഷമായ വിമർശനങ്ങളുയരുമ്പോൾ തന്നെ, പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പിലൂടെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിക്കാൻ കേരള ഘടകം മുൻകൈയെടുത്ത സാഹചര്യത്തിൽ വിശേഷിച്ചും. ഫലത്തിൽ, പരാജയത്തിന് വെള്ളാപ്പള്ളി മുതൽ സംഘടനാവീഴ്ചകൾ വരെ കാരണമായി നിരത്തുമെങ്കിലും തെറ്റുതിരുത്തൽ മുകൾത്തട്ടിലേക്ക് നീളില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയമുണ്ടായ ഘട്ടത്തിൽ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിയില്ലെന്നും പാർട്ടിയും ജനവും തമ്മിലെ ബന്ധം കുറഞ്ഞെന്നുമുള്ള വിലയിരുത്തലായിരുന്നു സി.പി.എം. പരിഹാരത്തിന് ഗൃഹസന്ദർശനങ്ങൾ ആരംഭിച്ചെങ്കിലും അതൊന്നും ഗുണം ചെയ്തില്ലെന്നാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം അടിവരയിട്ടത്. ഇക്കുറി സമീപകാലത്തൊന്നും ഉയരാത്ത വിധം വിമർശനങ്ങളുയർന്നെങ്കിലും തെറ്റുതിരുത്തൽ നീക്കങ്ങൾക്ക് മൂർച്ച കുറയുന്നതാണ് തുടക്കത്തിൽ തന്നെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

