‘ഒരു വിഭാഗം സീനിയർ നേതാക്കൾ വിരമിക്കേണ്ടി വരും’; പെരുന്തച്ചൻ കോംപ്ലക്സ് പാടില്ലെന്ന് വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: നാല് മാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണിയുടെ നിലപാടും നയപരിപാടികളും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ 100ലേറെ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു.
നിലവിൽ 80 മുതൽ 85 സീറ്റുകളിൽ യു.ഡി.എഫിനാണ് മേൽകൈ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമല്ല യു.ഡി.എഫിന്‍റെ മാനദണ്ഡം. അതിനേക്കാൾ തിളക്കമേറിയ വിജയം നേടാൻ സാധിക്കും. ജനുവരി 15നും 20നും ഇടയിൽ യു.ഡി.എഫിലെ ചർച്ചയും സീറ്റ് വിഭജനവും പൂർത്തിയാവും.
എൽ.ഡി.എഫ് തകർത്ത കേരളത്തെ കരകയറ്റാൻ ഓരോ മേഖലയിലും എന്തുണ്ടെന്ന് ബദൽ അവതരിപ്പിക്കും. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും നടപ്പാക്കാൻ പറ്റുന്ന പദ്ധതികളും അവതരിപ്പിച്ച് ജനങ്ങളോട് വോട്ട് ചോദിക്കും. നിരവധി വിദഗ്ധർ തയാറാക്കുന്ന ഡോക്യുമെന്‍റിന്‍റെ അവതരണം ജനുവരിയിൽ ഉണ്ടാകും. യു.ഡി.എഫിന്‍റെ വിജയം ഒരാളുടേതല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്നും സതീശൻ വ്യക്തമാക്കി.
ജയിക്കാൻ സാധിക്കുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റുകൾ നൽകും. നിലവിൽ നിയമസഭാംഗമായ ഒരു വിഭാഗം മുതിർന്ന നേതാക്കൾ റിട്ടയർ ചെയ്യേണ്ടി വരും. കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ല. ഓരോ റൗണ്ട് കഴിയുമ്പോൾ ഒരു ടീം റിട്ടയർ ചെയ്യുകയും മറ്റൊരു ടീം വരികയും ചെയ്യും. 10 വർഷം കഴിയുമ്പോൾ താനും റിട്ടയർമെന്‍റ് ആലോചിക്കണം.
കരുത്തുറ്റ രണ്ടാംനിരയും മൂന്നാംനിരയും കോൺഗ്രസിനുണ്ട്. അവർ കയറിവന്ന് നമ്മളെയും മറികടന്ന് പോകും. പെരുന്തച്ചൻ കോംപ്ലക്സില്ലാതെ നിറകണ്ണുകളോടെ അത് നോക്കി കാണേണ്ട മാനസികാവസ്ഥ നമുക്ക് ഉണ്ടാവണമെന്നും സതീശൻ വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ ത്യാഗികളില്ലെന്നും എന്നാൽ, തനിക്ക് ത്യാഗിയാകാൻ കഴിയുമെന്നും മുഖ്യമന്ത്രി പദം സംബന്ധിച്ച ചോദ്യത്തോട് വി.ഡി. സതീശൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

