ഓമശ്ശേരി: ചെറുപുഴയിൽ മാതോലത്തിൻ കടവിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു. വെണ്ണക്കോട് പെരിങ്ങാംപുറത്ത് മുഹമ്മദിന്റെ മകൻ അമീനാണ് (8) ഇന്നലെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന വെണ്ണക്കോട് വട്ടക്കണ്ടി ഷമീർ സഖാഫിയുടെ മകൻ ദിൽഷൗഖ് (9) വ്യാഴാഴ്ച മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ വെണ്ണക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് അപകടം. കുട്ടികൾ സൈക്കിളെടുത്ത് വീട്ടുകാരറിയാതെ ഒരു കിലോമീറ്റർ അകലെയുള്ള പുഴക്കടവിൽ കുളിക്കാൻ പോയതായിരുന്നു. മൂന്ന് കുട്ടികളാണുണ്ടായിരുന്നത്. രണ്ടുപേർ പുഴയിൽ ഒഴുക്കിൽപെട്ടു. വിവരം കൂട്ടുകാരൻ വിളിച്ചു പറഞ്ഞതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ രണ്ടുപേരെയും 15 മിനിറ്റിനകം നാട്ടുകാർ കരക്കെത്തിച്ചു.
ഉടൻ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും വെണ്ണക്കോട് ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികളാണ്. അമീന്റെ മാതാവ്: മൈമൂന. സഹോദരങ്ങൾ: ഷംന, ഷിഫ, ബിഷ്റ.