ഇടുക്കിയിൽ അർബുദ ബാധിതരുടെ രജിസ്ട്രി ഒരുങ്ങുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ അർബുദ രോഗ ബാധിതയുടെ എണ്ണം കണ്ടെത്താൻ ക്യാൻസർ രജിസ്ട്രി ഒരുങ്ങുന്നു. ജനസംഖ്യാധിഷ്ഠിത അർബുദ രോഗികളുടെ എണ്ണം, വ്യാപനത്തോത്, ഇനങ്ങൾ, കാരണം എന്നിവ മനസിലാക്കുകയും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം.
കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഇടുക്കി ജില്ല പഞ്ചായത്ത്, സ്വകാര്യ ആശുപത്രികൾ, ആരോഗ്യ വകുപ്പ് ,എൻ.എച്ച്.എം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അർബുദ ചികിത്സ. ചികിത്സ സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
രോഗം നേരത്തേ കണ്ടെത്താനുള്ള സൗകര്യങ്ങളും അപര്യാപ്തമാണ്. രോഗം സ്ഥിരീകരിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്ന നിരവധി പേര് ജില്ലയിലുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. പലരും രോഗം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിലരാവട്ടെ രോഗം മനസിലാകാത്തവരാണ്. പല കുടുംബങ്ങളും രോഗവിവരം മറച്ചു വെക്കുന്ന സാഹചര്യവുമുണ്ട്.
കഴിഞ്ഞ ദിവസം രജിസ്ട്രിയുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ.പി ജി ബാലഗോപാൽ, ആർ.എം.ഒ. ഡോ പോൾ ജോർജ് , ഡെപ്യൂട്ടി കലക്ടർ അരുൺ നായർ, ബിൻസിയ, അലൻ ജോസ്, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
തൊടുപുഴ ജില്ല ആശുപത്രിയിൽ കീമോ തെറാപ്പി യൂനിറ്റ് ഉണ്ടെങ്കിലും കൃത്യമായ രോഗനിർണയത്തിനും ചികിത്സക്കും മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ജില്ലയിൽ നിന്നുള്ള രോഗികൾക്ക് ഏറ്റവും അടുത്തുള്ള ചികിത്സാ കേന്ദ്രം 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജോ എറണാകുളം ജില്ലയിലെ ആശുപത്രികളോ ആണ്.
ജില്ലയിൽ ഓരോ വർഷവും കാൻസർ രോഗികളുടെ എണ്ണത്തിൽ 10-15 ശതമാനം വർധന ഉണ്ടാകുന്നതായാണു ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. തോട്ടം മേഖലയിൽ അർബുദ രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
നൂറുകണക്കിന് രോഗികള്‍ ജില്ലയിലും മറ്റുജില്ലകളിലുമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ ആരോഗ്യ വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിനിടെയാണ് അർബുദ രോഗ ബാധിതരുടെ എണ്ണം കണ്ടെത്തി തുടർ ചികിത്സയടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ രജിസ്ട്രി ഒരുങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

