എ.രാജക്ക് എം.എൽ.എയായി തുടരാം; ഹൈകോടതി വിധി റദ്ദാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദേവികുളം എം.എൽ.എ എ. രാജ പറയ വിഭാഗത്തിൽപെട്ട ഹിന്ദുമത വിശ്വാസിയാണെന്നും അതിനാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം സംവരണ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ അർഹനായിരുന്നുവെന്നും സുപ്രീംകോടതി വിധിച്ചു.
‘ഹിന്ദു പറയൻ’ എന്ന നിലയിൽ നാമനിർദേശ പത്രിക സമർപ്പിച്ച എ. രാജ ജാതി തെളിയിക്കാൻ സമർപ്പിച്ച ദേവികളും തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റിന്റെ സാധുത ചോദ്യം ചെയ്യപ്പെടാത്തിടത്തോളം രാജയുടെ ജാതി ചോദ്യം ചെയ്യാനാവില്ലെന്നും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ച് വിധിച്ചു. രാജക്കെതിരായ ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി ഹൈകോടതിക്ക് തെറ്റുപറ്റിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ക്രൈസ്തവനായതിനാൽ പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ എ. രാജക്ക് അവകാശമില്ലെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി കുമാറിന്റെ വാദം. ജഞാനസ്നാനം ചെയ്ത ആന്റണി - എസ്തർ എന്നീ ക്രൈസ്തവ ദമ്പതികൾക്ക് 1984ൽ ജനിച്ച രാജയെയും മാമോദീസ മുക്കിയിരുന്നുവെന്നും കുമാർ ബോധിപ്പിച്ചിരുന്നു. എന്നാൽ, മൂന്നാറിലെ കുണ്ടല എസ്റ്റേറ്റിലേക്ക് 1940കളിൽ വന്നതാണ് തന്റെ പൂർവികരെന്നായിരുന്നു രാജയുടെ വാദം. അതിനാൽ 1950ലെ പട്ടികജാതി പട്ടിക പ്രകാരം അവർ സംവരണ അവകാശമുള്ള പറയൻ ആണെന്നും രാജ വാദിച്ചു. രാജയുടെ മുത്തശ്ശി 1949ൽ കണ്ണൻ ദേവൻ ഹിൽസിന്റെ തോട്ടം തൊഴിലാളിയായിരുന്നുവെന്ന് 2021 നവംബർ 17ന് കമ്പനി നൽകിയ സാക്ഷ്യപത്രവും രാജ തെളിവായി വെച്ചു.
കേസിൽ ഹരജിക്കാർ ഉന്നയിക്കാത്ത വിഷയത്തിലേക്ക് ഹൈകോടതി കടക്കേണ്ട കാര്യമില്ലായിരുന്നെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള ഭാരം രാജക്ക് മേൽ ചുമത്തിയ ഹൈകോടതി നിലപാടും തെറ്റാണ്. തഹസിൽദാർ കൊടുത്ത ജാതി സർട്ടിഫിക്കറ്റ് ആരും ചോദ്യം ചെയ്തിട്ടുമില്ല. ജ്ഞാനസ്നാന രജിസ്റ്ററിൽ ഇവരുടെ പേരുണ്ടെന്ന് പറയുന്നത് 2013ൽ സി.എസ്.ഐ ചർച്ചിൽ പാസ്റ്ററായ സാക്ഷിയാണ്.
ജ്ഞാനസ്നാനം ചെയ്യിച്ചത് ആരാണെന്ന് കണ്ടെത്തി അവരെയും രജിസ്റ്ററിൽ അതു രേഖപ്പെടുത്തിയവരെയും വിസ്തരിച്ചില്ല. ഹിന്ദു പറയൻ ജാതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം 1950ന് മുമ്പ് കേരളത്തിൽ സ്ഥിരതാമസമാക്കിയെന്നും അതിനാൽ രാജക്ക് ദേവികുളം സംവരണ മണ്ഡലത്തിൽനിന്ന് മത്സരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

