Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യം എത്രയോവട്ടം...

സത്യം എത്രയോവട്ടം തെളിഞ്ഞു കഴിഞ്ഞെന്ന് എ. രാജ; ജനങ്ങൾക്കിടയിൽ പ്രചാരണം തുടരുമെന്ന് ഡി. കുമാർ

text_fields
bookmark_border
A Raja and D Kumar
cancel

അടിമാലി: ദേവികുളം സംവരണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് ദേവികുളം എം.എൽ.എ എ. രാജയും ഹരജിക്കാരനായ കോൺഗ്രസിലെ ഡി. കുമാറും. ജനങ്ങളുടെ കോടതിയിലെ വിധി രാജ്യത്തെ പരമോന്നത കോടതിയും ശരിവെച്ചിരിക്കുകയാണെന്ന്​ എ. രാജ​ പറഞ്ഞു.

ജാതിയും മതവും നോക്കിയല്ല ജനങ്ങൾ അവരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്​. ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണത്​. ആ വിശ്വാസമാണ്​ ജനാധിപത്യത്തിന്‍റെ കാതൽ. ജനങ്ങളുടെ കോടതിയിൽ എത്രയോവട്ടം ഈ സത്യം തെളിഞ്ഞു കഴിഞ്ഞതാണ്​.

കോടതിവിധി ജനാധിപത്യത്തിന്‍റെ വിജയം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാ​ണ്​. സുപ്രീംകോടതി വിധിയിൽ ഏറെ സന്തോഷമുണ്ട്​. ഈ വിജയമുണ്ടാകു​മെന്ന്​ നേരത്തേ തന്നെ പറഞ്ഞിരുന്നതാണെന്നും എ. രാജ മാധ്യമങ്ങളോട് വ്യക്തമാക്കി.

ദേവികുള​ത്തെ എ. രാജയുടെ തെരഞ്ഞെടുപ്പ്​ ശരിവെച്ച സുപ്രീംകോടതി വിധിയിൽ നിരാശയുണ്ടെന്ന് ഹരജിക്കാരൻ ഡി. കുമാർ പറഞ്ഞു. ജനങ്ങൾക്കിടയിൽ പോരാട്ടം തുടരും. പട്ടികജാതി-വർഗക്കാരുടെ അവകാശങ്ങൾ മതപരിവർത്തനം നടത്തി തട്ടിയെടുക്കുന്ന വ്യക്തിക്കും സി.പി.എമ്മിനുമെതിരെയാണ്​ കോടതിയെ സമീപിച്ചത്​.

ഹൈകോടതിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നു. സുപ്രീംകോടതി വിധി സംബന്ധിച്ച്​ വ്യക്തമായി പഠിക്കും. ക്രിസ്തുമതം സ്വീകരിച്ചതും വിവാഹം കഴിച്ചതും ഉൾപ്പെടെ രാജ പട്ടികജാതി സംവരണത്തിന് അർഹനല്ലെന്ന് തെളിയിക്കുന്നതാണ്. പട്ടികജാതിക്കാരന് ലഭിക്കേണ്ട ഇളവുകൾ രാജയും പാർട്ടിയും വളഞ്ഞ വഴിയിലൂടെയാണ് നേടിയത്.

ഇത് മണ്ഡലത്തിലെ എല്ലാ ജനങ്ങളെയും ബോധ്യപ്പെടുത്താൻ സാധിച്ചു. ജനങ്ങൾക്കിടയിൽ ഇക്കാര്യം കൂടുതൽ ബോധ്യപ്പെടുത്താൻ ഇനിയും പ്രവർത്തനം തുടരുമെന്നും ഡി. കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ദേവികുളം സംവരണ മണ്ഡലത്തിൽ നിന്ന്​ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ എ. രാജയുടെ ജാതി ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് രാജക്ക് അനുകൂലമായി സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. രാജ പട്ടികജാതി വിഭാഗക്കാരനല്ലെന്നും പരിവർത്തിത ക്രിസ്ത്യാനിയാണെന്നും ചൂണ്ടിക്കാട്ടിയാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി ഡി. കുമാർ കോടതിയെ സമീപിച്ചത്​. രാജ ക്രിസ്ത്യൻ സി.എസ്​.ഐ വിഭാഗക്കാരനാണെന്നും ഹിന്ദു പറയ എന്ന്​ നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയത്​ തെറ്റാ​ണെന്നുമായിരുന്നു കുമാറിന്‍റെ വാദം.

ഇതിനായി രാജ ജനിച്ച കെ.ഡി.എച്ച്​.പി കുണ്ടള എസ്​റ്റേറ്റ്​ ഈസ്റ്റ്​ ഡിവിഷനിൽ മാമോദീസ മുക്കിയതിന്‍റെ പള്ളി രേഖകൾ, മാതാവിനെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത തെളിവുകൾ, ഇടവക പട്ടികയിലെ മാതാപിതാക്കളുടെ പേരുകൾ, രാജയുടെ വിവാഹം ക്രിസ്തീയ വിശ്വാസപ്രകാരം നടന്നതിന്‍റെ ചിത്രങ്ങളും രേഖകളും തുടങ്ങിയവ അടക്കമാണ്​ കുമാർ ഹൈകോടതിയിലെത്തിയത്​. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമയത്തു തന്നെ എ. രാജയുടെ ജാതി സംബന്ധിച്ച തർക്കം യു.ഡി.എഫ്​ ഉന്നയിച്ചിരുന്നു. എന്നാൽ, അംഗീകരിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ്​ കേസ്​ ഹൈകോടതിയിൽ എത്തിയതോടെ പള്ളിരേഖകൾ നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.

കുമാറിന്‍റെ വാദങ്ങൾ അംഗീകരിച്ച ഹൈകോടതി, 2023 ജനുവരി 20ന്​ രാജയുടെ ​തെരഞ്ഞെടുപ്പ്​ വിജയം റദ്ദാക്കി. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കുമാറിന്‍റെ ആവശ്യത്തിൽ തീരുമാനം കൈക്കൊണ്ടില്ല. ഇതിനെതിരെ, രാജ സുപ്രീംകോടതിയിലെത്തി. 2023 ഏപ്രിൽ 29ന്​ ഹൈകോടതി വിധി സുപ്രീംകോടതി സ്​റ്റേ ചെയ്തു. നിയമസഭാ സമ്മേളനത്തിൽ പ​ങ്കെടുക്കാമെന്നും ശമ്പളവും മറ്റും കൈപ്പറ്റരുതെന്നും വോട്ടെടുപ്പിൽ പ​ങ്കെടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.

സ്​റ്റേ നീക്കണമെന്ന ആവശ്യവുമായി കുമാർ സുപ്രീംകോടതിയി​ലെത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വാദത്തിനിടെ രാജയുടെ പട്ടികജാതി സർട്ടിഫിക്കറ്റ്​ റദ്ദാക്കാതെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെടുന്നത്​ എങ്ങനെയെന്ന്​ കോടതി ചോദിക്കുകയും ചെയ്​തു. ഒടുവിൽ രാജക്ക്​ ആശ്വാസ പകർന്ന വിധി പരമോന്നത കോടതി പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A RajaDevikulam election caseD Kumar
News Summary - A Raja and D Kumar react to Devikulam Election Case
Next Story