കടലുണ്ടി ദുരന്തത്തിന് കാൽനൂറ്റാണ്ട്: മായില്ല ആ നോവും ഓർമകളും
text_fieldsമലപ്പുറം: മലയാളി മനസ്സിനെ ഇന്നും നടുക്കുന്ന കടലുണ്ടി തീവണ്ടി ദുരന്തത്തിന് ഇന്ന് കാൽനൂറ്റാണ്ട്. 2001-ലെ ആ മഴക്കാലത്ത് കടലുണ്ടിപ്പുഴയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ ചെന്നൈ മെയിലിന്റെ ഓർമകൾ ഇന്നും തീരാത്ത വേദനയായി ബാക്കിനിൽക്കുന്നു. 52 പേരുടെ ജീവനെടുക്കുകയും നൂറുകണക്കിന് ആളുകളെ പരിക്കുകളിലേക്കും ആജീവനാന്ത ദുരിതങ്ങളിലേക്കും തള്ളിവിട്ട ആ ദുരന്തം നടന്നിട്ട് 25 വർഷം പിന്നിടുമ്പോഴും, അപകടത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ കടലുണ്ടി പാലത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു ദുരന്തം. പാലത്തിന്റെ ഗർഡറുകൾ തകർന്ന് മുന്നിലെ 12 ബോഗികൾക്ക് ശേഷമുള്ള ആറ് ബോഗികൾ പുഴയിലേക്ക് വീഴുകയായിരുന്നു. വേലിയിറക്കമായിരുന്നതിനാൽ പുഴയിൽ വെള്ളം കുറവായിരുന്നത് മരണസംഖ്യ വലിയൊരു പരിധിവരെ കുറച്ചു. എങ്കിലും, ആദ്യദിവസം തന്നെ 43 പേരാണ് മരണത്തിന് കീഴടങ്ങിയത്. തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയ മൃതദേഹങ്ങളും പുഴയിൽ ഒഴുകിനടന്ന ശരീരഭാഗങ്ങളും ആ പ്രദേശത്തെ കരളലിയിക്കുന്ന കാഴ്ചകളാക്കി മാറ്റി.
ദുരന്തം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരും മണൽത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്. ഔദ്യോഗിക സംവിധാനങ്ങൾ എത്തുന്നതിന് മുമ്പുതന്നെ കുതിച്ചെത്തിയ ഇവർ, സ്വന്തം ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കമ്പിപ്പാരയും ഗ്യാസ്‌കട്ടറുകളും ഉപയോഗിച്ച് ബോഗികൾ മുറിച്ചും വെള്ളത്തിൽ മുങ്ങിത്തപ്പിയും ഇവർ നടത്തിയ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. കോച്ചുകളുടെ ജനലഴികളിലൂടെ സഹായത്തിനായി ഉയർന്ന കൈകളും, പിന്നീട് ആ കൈകൾ മരണത്തിന് കീഴടങ്ങിയതും ദൃക്സാക്ഷികൾ ഇന്നും നൊമ്പരത്തോടെ ഓർക്കുന്നു.
അപകടത്തിന് ശേഷം നിയോഗിക്കപ്പെട്ട അന്വേഷണ കമീഷൻ ചില നിഗമനങ്ങളിൽ എത്തിയെങ്കിലും, അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് ഇന്നും വ്യക്തമായ ഉത്തരങ്ങളില്ല. അപകടത്തിന്റെ ആഘാതത്തിൽ മരിച്ചവരും പിൽക്കാലത്ത് പരിക്കുകളുടെ തീവ്രതയിൽ മരണപ്പെട്ടവരും ഉൾപ്പെടെയുള്ളവരുടെ വേദനകളും, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരും കടലുണ്ടി റെയിൽപ്പാലം ഇന്നും ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

