ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 20 വർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ ഉണ്ട്.
2022 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രതിയെ വളർത്തിയതും പൂജാദികർമങ്ങൾ പഠിപ്പിച്ചതും കുട്ടിയുടെ മുത്തച്ഛനാണ്. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
സംഭവദിവസത്തെ കൂടാതെ ഇത്തരം പീഡനത്തിന് പലതവണ ഇരയായി എന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ അടുത്ട്ത ബന്ധുവിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ പ്രവർത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് ഹാജരായി. വഞ്ചിയൂർ പൊലീസ് ഇൻസ്പെക്ടർ വി.വി.ദീപിൻ, എസ്.ഐ എം. ഉമേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

