പ്ലാസ്റ്റിക് വലയിൽ കുടുങ്ങിക്കിടന്ന ചേരയുടെ ജീവന് കാവലാളായി പൊലീസ് ഉദ്യോഗസ്ഥൻ
text_fieldsചെങ്ങന്നൂർ സി.ഐ ജോസ് മാത്യു പ്ലാസ്റ്റിക് വലയിൽ കുടുങ്ങി കിടന്ന ചേരയെ രക്ഷപെടുത്തുന്നു
ചാരുംമൂട് : സമരമുഖത്ത് ക്രമസമാധാന പാലനത്തിനൊപ്പം ജീവൻ്റെ വിലയറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ. പ്ലാസ്റ്റിക് വലയിൽ കുടുങ്ങി കിടന്ന ചേരയെ രക്ഷപെടുത്തിയാണ് ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു ഒരു ജീവൻ്റെ കാവലാളായത് . നൂറനാട് പടനിലം ഏലിയാസ് നഗറിൽ കരിങ്ങാലിച്ചാൽ പുഞ്ചയുടെ ഓരത്ത് രണ്ട് ദിവസത്തോളമായി പ്ലാസ്റ്റിക് വലയിൽ കുരുങ്ങി കിടന്ന ചേരയെയാണ് ജോസ് മാത്യു രക്ഷപെടുത്തിയത്. കെ.റയിലിൽ പദ്ധതിയുടെ ഭാഗമായി സർവ്വേക്കെത്തിയ ഉദ്യോസ്ഥരെയും ജോലിക്കാരെയും നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സി.ഐ ഉൾപ്പെടെ വൻ പൊലീസ് സംഘം ഏലിയാസ് നഗറിലെത്തിയത്.
പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷം സർവ്വേക്കെത്തിയവരെ കരിങ്ങാലി പുഞ്ചയിലേക്ക് കടത്തിവിടുമ്പോഴാണ് ചത്തു കിടക്കുകയാണെന്ന് തോന്നിച്ച ചേരയെ കാണുന്നത്. അടുത്തെത്തി വല ഉയർത്തി നോക്കുമ്പോഴാണ് ചേരക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. മീൻപിടുത്തക്കാർ ഉപേക്ഷിച്ച പോയ വലയിലാണ് ചേര കുടുങ്ങിക്കിടന്നത്. ഉടൻ തന്നെ അടുത്ത വീട്ടിൽ നിന്നും കത്രിക വാങ്ങി അര മണിക്കൂർ സമയമെടുത്താണ് വലമുറിച്ച് ചേരയെ രക്ഷപെടുത്തിയത്. ഒപ്പമുണ്ടായിരുന്ന സി.ഐ വി.ആർ.ജഗദീഷും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടായിരുന്നു.