സംസ്ഥാനത്ത് ഗ്രാഫീന് പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാഫീന് പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 237 കോടി രൂപ ചെലവില്‍ പി.പി.പി മാതൃകയിലാണ് പദ്ധതി. കേരള ഡിജിറ്റല്‍ സർവകലാശാല നിർവഹണ ഏജന്‍സിയാവും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) ആയി നിയോഗിച്ചു.
പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയാറാക്കാനും ആഗോള താൽപര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ സർവകലാശാലക്ക് അനുമതി നല്കി. ഗ്രാഫീന് പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റൽ സർവകലാശാലയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ.ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിങ് കമ്മിറ്റി രൂപവത്കരിക്കും. ഭാവിയിലെ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീന് ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിർദിഷ്ട ഗ്രാഫീന് ഇക്കോ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്ന ഗ്രാഫീന് അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപവത്കരിച്ച ഇന്ത്യ ഇന്നൊവേഷന് സെന്റര്‍ ഫോര്‍ ഗ്രാഫിന് എന്ന ഗവേഷണ വികസനകേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന് ഉല്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കാന് ഒരു മധ്യതല ഗ്രാഫീന് പൈലറ്റ് പ്രൊഡക്ഷന്‍ യൂനിറ്റാണ് ഇപ്പോൾ ആരംഭിക്കുന്നത്.
എന്താണ് ഗ്രാഫീൻ ?
നാളെയുടെ അദ്ഭുത പദാർഥമെന്ന രീതിയിലാണ് ഗ്രാഫീൻ അറിയപ്പെടുന്നത്. ഏറ്റവും ഭാരം കുറഞ്ഞതും വൈദ്യുതപരവും താപപരവുമായ ചാലകശേഷി കൂടുതലുമുള്ളതുമായ പദാർഥമാണ് ഗ്രാഫീൻ. അതേസമയം വഴക്കമുള്ളതും സുതാര്യവും അവിശ്വസനീയമാംവിധം ശക്തവുമാണ്. വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനെക്കാൾ കരുത്തുള്ളതുമായ പദാർഥം. ഗ്രാഫൈറ്റിന്റെ ഒരു ലെയറെന്ന് ഗ്രാഫീനെ വിശേഷിപ്പിക്കാം. ഒരു മില്ലിമീറ്റർ ഗ്രാഫൈറ്റിൽ മൂന്ന് ദശലക്ഷം ഗ്രാഫീൻ പാളികൾ അടങ്ങിയിരിക്കുന്നു. ഷഡ്ഭുജാകൃതിയിൽ സ്ഥിതി ചെയ്യുന്ന കാർബൺ ആറ്റങ്ങളുടെ കൂട്ടം ചേർന്ന പരന്നപാളിയാണ് ഗ്രാഫീൻ എന്ന് പറയാം. ഗ്രാഫീനിന്റെ വ്യവസായ സാധ്യതകളേറെയാണ്.
ഇലക്ട്രോണിക് മേഖലയിലും ഊർജോൽപാദന മേഖലയിലും വൈദ്യശാസ്ത്ര മേഖലയിലും നാനോ ടെക്നോളജി, സ്പേസ് ടെക്നോളജി എന്നിവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന പദാർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

