മാനസികാരോഗ്യകേന്ദ്രത്തിൽ രോഗി മരിച്ചത് ആശുപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ
text_fieldsതിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ രോഗി മരിച്ചത് ആശുപത്രിയിലുണ്ടായ ഏറ്റുമുട്ടലിലെന്ന് പൊലീസ് നിഗമനം. ഇവർക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു രോഗിയും ജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്. ഇതോടെ കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു.
കൊല്ലം ശൂരനാട് സ്വദേശി സ്മിതകുമാരിയാണ് ചികിത്സക്കിടെ നവംബറിൽ മാനസികാരോഗ്യകേന്ദ്രത്തിൽ മരിച്ചത്. മരണം തലക്കേറ്റ മുറിവ് കാരണമാണെന്ന് സ്ഥിരീകരിച്ച ഫോറൻസിക് സംഘമാണ് കൊലപാതക സാധ്യത പൊലീസിനെ അറിയിച്ചത്. നവംബർ 26നാണ് സ്മിതയെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മറ്റു രോഗികൾക്കൊപ്പം സെല്ലിൽ പാർപ്പിച്ചിരുന്ന സ്മിത 27ന് വേറൊരു രോഗിയുമായി ഏറ്റുമുട്ടിയതോടെ മറ്റൊരു സെല്ലിലേക്ക് മാറ്റി.
29ന് അബോധാവസ്ഥയിൽ കണ്ട സ്മിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞതിനൊപ്പം ശരീരത്തില്‍ എട്ട് മുറിവുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ച് ആദ്യം അന്വേഷണം നടത്തി. എന്നാൽ, ജീവനക്കാർക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ല. സംശയിക്കുന്നവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുണ്ട്.
അതിനിടെയാണ് ആശുപത്രി സെല്ലിൽ രോഗികൾ ഏറ്റുമുട്ടിയെന്ന വിവരം പൊലീസ് അറിഞ്ഞത്. സംശയിക്കപ്പെടുന്ന രോഗിയെ പൊലീസ് ചോദ്യംചെയ്തെങ്കിലും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

