ലീഗ് സ്ട്രൈക്ക് റേറ്റുള്ള പാർട്ടി, കോട്ടയത്ത് മത്സരിച്ചാലും വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; കേരള കോൺഗ്രസ് അടക്കം ആരു യു.ഡി.എഫിലേക്ക് വന്നാലും സ്വാഗതം
text_fieldsകോഴിക്കോട്: മുസ്‌ലിം ലീഗ് സ്ട്രൈക്ക് റേറ്റുള്ള പാർട്ടിയാണെന്നും കൂടുതൽ പേരെ വിജയിപ്പിക്കാൻ സാധിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടയത്ത് മത്സരിച്ചാലും വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കിട്ടിയ അവസരംവെച്ച് മുതലാക്കുന്നത് സമീപനം മുസ് ലിം ലീഗിനില്ല. സഹകരിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന പാർട്ടിയാണെന്ന ഖ്യാതി ബാഫഖി തങ്ങളുടെ കാലം മുതൽ ലീഗിനുണ്ട്. കൈയിട്ട് വാരുന്ന പരിപാടി ലീഗിനില്ല. എന്നാൽ, അർഹിക്കുന്നത് കിട്ടുന്നതിൽ വിട്ടുവീഴ്ചയില്ല. അത് ഒരു പാർട്ടിയുടെ അവകാശവും ലീഗ് ഉൾപ്പെടുന്ന ജനവിഭാഗത്തിന്‍റെ കാര്യവുമാണ്. യു.ഡി.എഫിൽ അർഹിക്കുന്നത് ലീഗിന് കിട്ടും. ഇതുവരെ ഒരു ബുദ്ധിമുട്ട് വന്നിട്ടില്ല.
ലീഗിനെതിരായ ആരോപണം ഇനി വിലപ്പോവില്ല. കേരളത്തിലെ എല്ലാ ജില്ലയിലും ലീഗിന് പഞ്ചായത്ത് പ്രസിഡന്‍റും നഗരസഭ അധ്യക്ഷനും ഉണ്ടാകാൻ പോവുകയാണ്. ഒരു ജനവിഭാഗം മാത്രം വോട്ട് ചെയ്താൽ ലീഗിന് ജയിക്കാൻ സാധിക്കില്ല. വർഗീയത പറഞ്ഞ് ലീഗിനെ മൂലക്കിരുത്താൻ സാധിക്കില്ല. ഇത്ര വർഗീയത പറഞ്ഞിട്ടും ലീഗിനെ ജനം വിശ്വസിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണി വിപുലീകരിക്കാൻ മുൻകൈ എടുക്കേണ്ടത് കോൺഗ്രസ് ആണ്. നിയമസഭ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് പുതിയ പാർട്ടികളെ കൊണ്ടു വരും. യു.ഡി.എഫിനോട് സഹകരിക്കുന്നവരെ കൂടെ കൂട്ടും. പി.വി. അൻവറെ ഒപ്പം ചേർക്കണമെന്നാണ് യു.ഡി.എഫിലെ ധാരണ. കേരള കോൺഗ്രസ് ഉൾപ്പെടെ ആരു വന്നാലും സ്വാഗതം ചെയ്യും.
ഏതെല്ലാം മേഖലയിൽ വിട്ടുവീഴ്ച വേണമെന്ന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കുമ്പോഴേ അറിയൂ. കൊണ്ടുവരാൻ സാധിക്കുന്നവരെ യു.ഡി.എഫിലേക്ക് കൊണ്ടുവരണം. ആശയപരമായി കൊണ്ടുവരാൻ സാധിക്കാത്തവരുമായി സഹകരിക്കണം. എസ്.എൻ.ഡി.പി, പിന്നാക്ക സംഘടനകൾ എന്നിവരുമായി യു.ഡി.എഫ് സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഘടകകക്ഷികളെ ഭയപ്പെടുത്തുന്ന സമീപനമാണ് എൽ.ഡി.എഫിലുള്ളത്. എല്ലാവർക്കും സംരക്ഷണം നല്‍കാൻ സാധിച്ചില്ല. വാളോങ്ങുന്ന സമീപനമാണ് അവർ സ്വീകരിച്ചതെന്നും മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

