Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതീപ്രവേശന ദിവസം...

യുവതീപ്രവേശന ദിവസം എന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തി; മാറ്റിനിർത്തയത് പാർട്ടിക്കുള്ളിലും ഭരണനേതൃത്വത്തിലും ഒരുപോലെ സ്വാധീനമുള്ള 'ഉന്നതനായ നേതാവെന്ന്'എ. പത്മകുമാർ

text_fields
bookmark_border
യുവതീപ്രവേശന ദിവസം എന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തി;  മാറ്റിനിർത്തയത് പാർട്ടിക്കുള്ളിലും ഭരണനേതൃത്വത്തിലും ഒരുപോലെ സ്വാധീനമുള്ള ഉന്നതനായ നേതാവെന്ന്എ. പത്മകുമാർ
cancel

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും അന്നത്തെ ഐ.ജി (എ.ഡി.ജി.പി) എസ്. ശ്രീജിത്തിനെയും ആസൂത്രിതമായി മാറ്റിനിർത്തുകയായിരുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പാർട്ടിക്കുള്ളിലും ഭരണനേതൃത്വത്തിലും ഒരുപോലെ സ്വാധീനമുള്ള ഉന്നതനായ ഒരു നേതാവാണ് തങ്ങളെ മാറ്റിനിർത്താൻ പിന്നിൽനിന്ന് ചരടുവലിച്ചതെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായാണ് വിവരം.

ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി അടിയന്തരമായി തിരുവനന്തപുരത്ത് എത്താനാണ് അന്ന് തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ തലസ്ഥാനത്ത് എത്തിയെങ്കിലും നിർണായക വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയില്ല. ഒടുവിൽ യുവതികൾ സന്നിധാനത്ത് എത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് താൻപോലും അറിഞ്ഞതെന്നും പത്മകുമാർ സുഹൃത്തുക്കളോട് പങ്കുവെച്ചു. ദേവസ്വം രേഖകളിൽ 'ചെമ്പ്' എന്ന് തിരുത്തി എഴുതിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വിവാദമായ ഈ സംഭവങ്ങളും സ്വർണ്ണക്കൊള്ള കേസിന്റെ പശ്ചാത്തലവുമെല്ലാം ഉൾപ്പെടുത്തി ഒരു ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് പത്മകുമാർ ഇപ്പോൾ.

അതിനിടെ, സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടികൾ ചർച്ച ചെയ്യാൻ സി.പി.എം ജില്ല കമ്മിറ്റി നാളെ അടിയന്തരമായി യോഗം ചേരും. നിലവിൽ പാർട്ടി പരിപാടികളിൽ നിന്ന് പത്മകുമാറിനെ മാറ്റിനിർത്താൻ മാത്രമായിരുന്നു നിർദേശമുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം പാർട്ടി അംഗത്വം പുതുക്കിയത്. നേരത്തെ പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ പത്മകുമാറിനെതിരായ സ്വർണ്ണക്കൊള്ള ആരോപണങ്ങൾ മയപ്പെടുത്തിയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, അച്ചടക്ക നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ ശക്തമായ ആവശ്യമുയർന്നതോടെ റിപ്പോർട്ട് തിരുത്താൻ നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ കർശന നിലപാടിനെ തുടർന്ന് സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തുകൾ വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

താൻ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചിട്ടില്ലെന്നുമാണ് പത്മകുമാർ പത്തനംതിട്ട ജില്ല നേതൃത്വത്തിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയ ഔദ്യോഗിക രേഖകളിൽ 'പിത്തള' എന്നത് വെട്ടി 'ചെമ്പ്' എന്ന് തിരുത്തിയത് മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.റ്റി) കണ്ടെത്താനായിട്ടുള്ളത്. യഥാർത്ഥത്തിൽ സ്വർണ്ണം പൂശിയത് ചെമ്പ് പാളികളിലായിരുന്നുവെന്നും ബോർഡ് രേഖകളിൽ സാങ്കേതികമായി വരുത്തിയ ഒരു തിരുത്തൽ മാത്രമായിരുന്നു അതെന്നുമാണ് പത്മകുമാറിന്റെ വാദം. പ്രത്യേക അന്വേഷണസംഘം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുകയും അതിൽ തന്നെ പ്രതിചേർക്കുകയും ചെയ്താൽ മാത്രമേ ഇതിന് നിയമപരമായ പ്രസക്തിയുള്ളൂവെന്നും, തന്റെ ഭാഗത്ത് വീഴ്ചയില്ലാത്തതിനാൽ അച്ചടക്ക നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom Boarda pathmakumarsabarimala case
News Summary - A. Padmakumar stated that he and ADGP Sreejith were deliberately kept away on the day of the women's entry [at Sabarimala];
Next Story