പരസ്യമായി പ്രതികരിച്ചത് അച്ചടക്ക ലംഘനം; എ. പത്മകുമാറിനെ തരംതാഴ്ത്തിയേക്കും
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ, അതൃപ്തി പരസ്യമാക്കിയ പത്തനംതിട്ടയിലെ എ. പത്മകുമാറിനെ ജില്ല കമ്മിറ്റിയിൽനിന്ന് താരംതാഴ്ത്തിയേക്കും. സംഘടനക്കുള്ളിൽ പറയേണ്ട കാര്യം പരസ്യമായി പ്രതികരിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗ ശേഷം സെക്രട്ടറി എം.വി. ഗോവിന്ദൻ നടപടി സംബന്ധിച്ച കാര്യത്തിൽ വ്യക്തമായ സൂചന നൽകിയിരുന്നു. പത്തനംതിട്ട ജില്ല കമ്മിറ്റി നടപടി സ്വീകരിക്കുകയും സംസ്ഥാന കമിറ്റി ഇതിന് അംഗീകാരം നൽകുകയുമാണ് ചെയ്യുക. പാർട്ടി കോൺഗ്രസിന് ശേഷമാകും തീരുമാനം.
‘‘പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞുവെന്നത് സംഘടനപരമായി തെറ്റായ നിലപാടാണെന്നും ആ നിലപാട് സ്വീകരിച്ചവർ ആരൊക്കെയാണെങ്കിലും അവർക്കെതിരെ സംഘടന നിലപാട് സ്വീകരിക്കുമെന്നു’’മാണ് ഇതേക്കുറിച്ച് എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചത്.
ഒപ്പം സീനിയോറിറ്റി സംബന്ധിച്ച പത്മകുമാറിന്‍റെ അവകാശവാദങ്ങളെ പാർട്ടി സെക്രട്ടറി തള്ളുകയും ചെയ്തു. 52 വർഷം പ്രവർത്തിച്ചയാളാണെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പത്മകുമാറിന്‍റെ വിമർശനങ്ങളെങ്കിൽ ‘‘എത്ര വർഷക്കാലം പ്രവർത്തിച്ചു എന്നതല്ല മെറിറ്റും മൂല്യവുമാണ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ മാനദണ്ഡമാക്കുന്നതെന്നതായിരുന്നു’’ എം.വി. ഗോവിന്ദന്‍റെ പ്രതികരണം. ഇക്കാര്യങ്ങളിൽ എല്ലാവർക്കും കൂട്ടായി ബോധ്യമുണ്ടാവുകയാണ് വേണ്ടതെന്നും ഇത്തരത്തിൽ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തുമെന്ന മുന്നറിയിപ്പും പാർട്ടി സെക്രട്ടറിയിൽ നിന്നുണ്ടായിരുന്നു.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന കമ്മിറ്റി രൂപവത്കരണം സംബന്ധിച്ചായിരുന്നു പത്മകുമാറിന്‍റെ വിമർശനങ്ങൾ. സമ്മേളനം അവസാനിക്കുംമുമ്പ് വേദിവിട്ട അദ്ദേഹം ആദ്യം സമൂഹമാധ്യമത്തിലൂടെയും പിന്നീട്, മാധ്യമങ്ങളിലൂടെയും വിമർശനം കടുപ്പിച്ചു. അതേസമയം പരസ്യപ്രതികരണം തെറ്റായിപ്പോയെന്നും മനുഷ്യനാകുമ്പോൾ തെറ്റും ശരിയുമുണ്ടാകുമെന്നും പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും പിന്നീട്, പത്മകുമാർ തിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

