സ്വർണപ്പാളി തട്ടിപ്പ്: എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്തെ ദേവസ്വം ബോർഡും സംശയനിഴലിൽ
text_fieldsപത്തനംതിട്ട: ശബരിമല സ്വർണപ്പാളി തട്ടിപ്പിൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്തെ ദേവസ്വം ബോർഡും സംശയനിഴലിൽ. കട്ടിളയിലെ സ്വർണത്തകിടുകൾ കൈമാറിയതിലാണ് ദുരൂഹത. 2019 മാർച്ച് 20ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയിലെ സ്വർണത്തകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്. ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ 2019 ഫെബ്രുവരിയിൽ അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ദേവസ്വം കമീഷണർക്കായിരുന്നു കത്ത്. ശ്രീകോവിൽ വാതിലുകളുടെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണെന്നും കട്ടിളകളിലെ സ്വർണം പൂശിയ ചെമ്പ് തകിടുകൾ വീണ്ടും സ്വർണം പൂശണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. ഈ കത്ത് മാർച്ച് മൂന്നിന് ദേവസ്വം കമീഷണർ ബോർഡ് അധികൃതർക്ക് കൈമാറി.
എന്നാൽ, ഈ കത്തിൽ ചെമ്പ് തകിടുകളെന്ന് മാത്രമായിരുന്നു പരാമർശം. ശബരിമല എക്സിക്യൂട്ടിവ് ഓഫിസറുടെ കത്തിൽ സ്വർണം പൂശിയ ചെമ്പ് പാളികളെന്നത് പറയുമ്പോഴായിരുന്നു ഇത് തിരുത്തിയ ദേവസ്വം കമീഷണറുടെ നടപടി. പിന്നീട് ദേവസ്വം പ്രസിഡന്റായിരുന്ന എൻ. വാസുവായിരുന്നു അന്നത്തെ ദേവസ്വം കമീഷണർ.പിന്നീട്, ദേവസ്വം കമീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ച് 20ന് ദേവസ്വം ബോർഡ് യോഗം ചേരുകയും തകിടുകൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഈ യോഗത്തിന്റെ രേഖകളിലും ചെമ്പ് തകിടുകളെന്നാണ് രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തകിടുകൾ കൈമാറുന്നതിന്റെ ഭാഗമായി 2019 മേയ് 18ന് തയാറാക്കിയ പ്രത്യേക മഹസറിലും ചെമ്പ് തകിടുകളെന്ന് മാത്രമായിരുന്നു. തന്ത്രി, മേൽശാന്തി, അസി. എൻജിനീയർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, വാച്ചർ, ഗാർഡ്, ഗോൾഡ് സ്മിത്ത് ഉൾപ്പെടെ പത്ത് പേരാണ് ഈ മഹസറിൽ ഒപ്പിട്ടിരുന്നത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് വീഴ്ച വന്നതായി ഹൈകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
സന്നിധാനത്ത് നിർണായക പരിശോധന
പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിൽ ഹൈകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് നിർണായക പരിശോധന തുടങ്ങി. രജിസ്റ്ററിൽ വ്യക്തതക്കുറവുള്ളതായി കണ്ടെത്തിയെന്നാണ് സൂചന.പമ്പയിൽനിന്ന് ശനിയാഴ്ച രാവിലെ ഏഴിന് മല കയറിയ സംഘം ഒമ്പതോടെ സന്നിധാനത്തെത്തി. തുടർന്ന് വിശ്രമിച്ചശേഷം 11ഓടെ മൂല്യനിർണയ പരിശോധനകൾ ആരംഭിക്കുകയായിരുന്നു. ശബരിമല സ്പെഷല്‍ കമീഷണര്‍ ജസ്റ്റിസ് ആര്. ജയകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ദേവസ്വം മഹസർ പരിശോധിച്ച സംഘം, ഇവയെല്ലാം സ്ട്രോങ് റൂമിൽ ഉണ്ടോയെന്ന് തിട്ടപ്പെടുത്തി. നിലവിലുള്ള സാധനങ്ങളുടെ പട്ടികയും തയാറാക്കി. അറ്റകുറ്റപ്പണികൾക്കുശേഷം എത്തിച്ച ദ്വാരപാലകശിൽപ പാളികളും സംഘം പരിശോധിച്ചു. ഇതിന്റെ വിശദ മൂല്യനിർണയ പരിശോധനക്ക് സ്പോൺസറെന്ന് അവകാശപ്പെടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് അധികൃതരും ഞായറാഴ്ച സന്നിധാനത്തെത്തണമെന്നും ജസ്റ്റിസ് കെ.ടി. ശങ്കരൻ നിർദേശം നൽകിയിട്ടുണ്ട്. വൈകീട്ട് 6.30 വരെ പരിശോധന തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

