ബി.ജെ.പിയിലേക്ക് ക്ഷണിച്ചവരെ പരിഹസിച്ച് പത്മകുമാർ: ‘അവർ ഇന്നലത്തെ മഴയിൽ മുളച്ചവർ, എന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ട, വിളക്ക് കണ്ടപ്പോൾ അത്താഴം കഴിക്കാമെന്ന് കരുതിക്കാണും’
text_fieldsപത്തനംതിട്ട: പാർട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയതിന് പിന്നാലെ താനുമായി കൂടിക്കാഴ്ചക്കെത്തിയ ബി.ജെ.പി നേതാക്കളെ കണക്കറ്റ് പരിഹസിച്ച് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാർ. ബി.ജെ.പി നേതാക്കൾ ചർച്ചക്ക് വന്നത് തനിക്കറിഞ്ഞു കൂടെന്നും എന്റെ വീടിന്റെ ചിത്രമൊക്കെ എടുത്ത് വാർത്ത കൊടുത്തത് കണ്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വിളക്ക് കത്തിച്ചത് കണ്ടപ്പോൾ അത്താഴം കഴിക്കാമെന്ന് ബി.ജെ.പി നേതാക്കൾ ചിലപ്പോൾ കരുതിക്കാണും. തങ്ങളുടെ രണ്ടുപേരുടെയും പേര് മാധ്യമങ്ങളിൽ വന്നോട്ടെ എന്ന് വിചാരിച്ചിട്ടാവും അവർ അത് ചെയ്യുന്നത്. 52 വർഷമായി പാർട്ടി പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. അത് മനസ്സിലാകാത്ത ഇന്നലത്തെ മഴയിൽ മുളച്ച ചിലരാണ് എന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇന്നലെ ഇവിടെ വന്നു എന്ന് പറയുന്നവർ ഞാൻ എം.എൽ.എ ആയിരുന്ന കാലത്ത് ഉണ്ടായിരുന്നോ എന്നറിയില്ല. അങ്ങനെയുള്ളവർ വന്ന് എന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ല. മറ്റു രാഷ്ട്രീയ ഭിക്ഷാംദേഹികളെ കാണുന്നത് പോലെ എന്നെ കാണരുത്. ഞാൻ അത്തരക്കാരനല്ല’ -പത്മകുമാർ പറഞ്ഞു.
ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജും വൈസ് പ്രസിഡന്റ് അയിരൂർ പ്രദീപും വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ ഇന്നലെ തന്നെ അദ്ദേഹം തള്ളിയിരുന്നു. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച എന്നായിരുന്നു ബി.ജെ.പി നേതാക്കൾ സൂചിപ്പിച്ചത്. എന്നാൽ, എസ്.ഡി.പി.ഐയിൽ ചേർന്നാലും ബി.ജെ.പിയിൽ ചേരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് കൂടിയായ പത്മകുമാർ വ്യക്തമാക്കിയിരുന്നു.
സി.പി.എം നേതാക്കൾ പലരും തന്നെ വിളിച്ചിരുന്നുവെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ 52 വർഷക്കാലമായി പ്രവർത്തിക്കുന്ന പാർട്ടിയെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഞാൻ പറഞ്ഞു. ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ല എന്ന് ഞാൻ തന്നെ പറഞ്ഞല്ലോ. അല്ലാതെ വേറെ ആരുമല്ലല്ലോ പറഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഏത് വ്യത്യസ്ത അഭിപ്രായവും പറയാൻ അവനവന്റെ പാർട്ടി ഘടകത്തിൽ അവകാശമുണ്ട്. അതിൽനിന്ന് വ്യത്യസ്തമായാണ് വികാരപരമായ നിലപാട് ഞാൻ സ്വീകരിച്ചത്. അതിന്റെ പേരിൽ പാര്‍ട്ടി നടപടിയെടുത്താല്‍ അതുൾക്കൊള്ളാൻ ഞാൻ തയ്യാറാണ്. അതിനിടയിലാണ് ചിലർ മറ്റു രാഷ്ട്രീയ ഭിക്ഷാംദേഹികളെ കാണുന്നത് പോലെ എന്നെ കാണുന്നത്. ഞാൻ അത്തരക്കാരനല്ല. കാരണം, ആശയപരമായ ധാരണയുടെ പുറത്താണ് ഞാൻ 52 വർഷം മുമ്പ് 1973ൽ ഈ പാർട്ടിയിൽ ചേർന്നത്. പാർട്ടിയിൽനിന്ന് വിട്ടുപോയ പലരും തെറ്റുതിരുത്തി തിരിച്ചുവന്നിട്ടുണ്ട്. ഒരു കേഡർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തെറ്റുതിരുത്തി മുന്നോട്ടുപോകാൻ സി.പി.എമ്മിൽ സംവിധാനമുണ്ട്. ഞാൻ മറ്റാരെയും പോലെ നിരന്തരം കുത്തുവാക്ക് പറയുന്നയാളല്ല, ഇനി പറയാനും ഇല്ല. ഞാൻ പറയേണ്ട സ്ഥലത്തല്ല പറഞ്ഞത് എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. പക്ഷേ പറയേണ്ട കാര്യമാണ് പറഞ്ഞത്. പാർട്ടി ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നെ വന്നു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു’ -പത്മകുമാർ വ്യക്തമാക്കി.
പത്മകുമാർ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ ഇന്നലെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

