സഹപാഠികൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ഒമ്പതാംക്ലാസുകാരൻ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
text_fieldsപത്തനംതിട്ട: ഓണപ്പരീക്ഷ കഴിഞ്ഞ് സഹപാഠികളായ വിദ്യാർഥികൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ഒമ്പതാംക്ലാസുകാരൻ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയെ കാണാതായി. പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി പത്തനംതിട്ട ചിറ്റൂർ തടത്തിൽ വീട്ടിൽ അജീബ്-സലീന ദമ്പതികളുടെ മകൻ അജ്‌സൽ അജീബാണ് (14) മരിച്ചത്.
സഹപാഠി വഞ്ചികപ്പൊയ്‌ക ഓലിയ്‌ക്കൽ നിസാമിന്റെ മകൻ നബീൽ നിസാമിനെയാണ് (14) കാണാതായത്. ഇതേ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് നബീൽ. പത്തനംതിട്ട നഗരത്തിലെ കല്ലറക്കടവിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ഓണപ്പരീക്ഷ കഴിഞ്ഞ് സഹപാഠികളായ എട്ട് വിദ്യാർഥികളാണ് കല്ലറക്കടവിൽ എത്തിയത്. ഇവർ ആറ്റിലിറങ്ങുകയും കല്ലറക്കടവ് തടയണയിൽനിന്ന് മൊബൈൽഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്‌തു. ഇതിനിടെ അജ്‌സലും നബീലും ആറിന് കുറുകെയുള്ള തടയണയിലൂടെ നടന്നുനീങ്ങി. ഇതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ഒരാൾ കാൽവഴുതി വീണപ്പോൾ രണ്ടാമൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇരുവരും ആറ്റിൽ വീണു. കുത്തൊഴുക്കിനൊപ്പം നദിയിൽ ഏറെ വെള്ളവുമുണ്ടായിരുന്നു. അജ്‌സലും നബീലും മുങ്ങിത്താഴുന്നതുകണ്ട് കൂട്ടത്തിലുണ്ടായിരുന്നവർ ഭയന്നോടി. കടമ്മനിട്ട സ്വദേശിയായ മറ്റൊരു കുട്ടി ബഹളംവെച്ച് ആളുകളെ കൂട്ടാൻ ശ്രമിച്ചു. അപ്പോഴേക്കും അജ്‌സലും നബീലും മുങ്ങിത്താണിരുന്നു. പിന്നീട് പത്തനംതിട്ടയിൽനിന്നും ചെങ്ങന്നൂരിൽനിന്നും അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം അംഗങ്ങൾ എത്തി നടത്തിയ തിരച്ചിലിനൊടുവിൽ സംഭവസ്ഥലത്തുനിന്നും 300 മീറ്റർ മാറി വൈകീട്ട് 3.45ഓടെ അജ്സലിന്റെ മൃതദേഹം കണ്ടെത്തി. നബീലിനായി തിരച്ചിൽ തുടർന്നെങ്കിലും രാത്രിയോടെ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ പുനരാരംഭിക്കും.
കുളിക്കടവ് കൂടിയുള്ള കല്ലറക്കടവ് ഭാഗത്ത് നേരത്തേയും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചുഴിയും അടിയൊഴുക്കുമുള്ളതിനാൽ അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെയെത്തുന്ന കുട്ടികളെ പല സമയങ്ങളിലും മടക്കി അയക്കാറുണ്ടെന്നും ഇവർ പറയുന്നു. ഇവർ എത്തിയത് ആരും കണ്ടിരുന്നില്ല. അജ്‌സൽ ഏക മകനാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

