കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsമരിച്ച ദേവ സൂര്യ
കുന്നുകര: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അങ്കമാലി-മാഞ്ഞാലിത്തോട്ടിൽ മുങ്ങി മരിച്ചു. കുന്നുകര കോളനിയിൽ തേയ്ക്കാനത്ത് വീട്ടിൽ ബൈജു ശിവന്‍റെ മകൻ ദേവ സൂര്യയാണ് (14) മരിച്ചത്.
കുറ്റിപ്പുഴ കൃസ്തു രാജ് ഹൈസ്കൂൾ വിദ്യാർഥിയാണ്. ബുധനാഴ്ച വൈകീട്ട് 4.45ഓടെ കുന്നുകര വടക്കേ അടുവാശ്ശേരി ഊഴം കടവ് പാലത്തിന് സമീപത്തെ ഞങ്ങാട്ടി കടവിലായിരുന്നു സംഭവം. കടവിന് സമീപത്ത് താമസിക്കുന്ന കൂട്ടുകാരനോടൊപ്പം അഞ്ച് പേരാണ് കുളിക്കാനെത്തിയത്. ദേവ സൂര്യക്ക് നീന്തൽ വശമില്ലായിരുന്നു. കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയതോടെ ആഴക്കയത്തിൽപ്പെട്ട ദേവസൂര്യ മുങ്ങി താഴുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയിൽപ്പെട്ട കൂട്ടുകാർ ബഹളംവെച്ചതോടെ സമീപവാസികളെത്തി ട്യൂബ് എറിഞ്ഞ് കൊടുത്തെങ്കിലും അതിൽ പിടിക്കാനാകാതെ മുങ്ങിത്താഴുകയായിരുന്നു. അര മണിക്കൂറോളം പുഴയിൽ താണു കിടന്ന ദേവ സൂര്യയെ സമീപവാസികളെത്തി മുങ്ങി തപ്പിയാണ് കരക്കെടുത്തത്.
ചെങ്ങമനാട് പൊലീസെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കുറ്റിപ്പുഴ കൃസ്തു രാജ് ഹൈസ്കൂളിലെ മികച്ച വിദ്യാർഥിയും സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുമാണ്. മാതാവ്: അമ്പിളി. സഹോദരി: ദേവപ്രിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ കുന്നുകര പൊതുശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

