ആദിവാസി ജീവിതത്തിന് പുതുവഴി വെട്ടുന്ന ഉത്തരവ്
text_fieldsകോഴിക്കോട് :സംസ്ഥാനത്തെ ആദിവാസികൾക്കൊരു പുതുവഴി വെട്ടുന്ന ഉത്തരവാണ് ഇന്നലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ 566 ആദിവാസി താമസിക്കുന്ന ഫോറസ്റ്റ് വില്ലേജുകളെ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യുന്നതിനാണ് ഉത്തരവിറക്കിയത്. ചരിത്രത്തിൽ വലിയ ദിശാമാറ്റത്തിന് ഈ ഉത്തരവ് വഴിയൊരുക്കുമെന്നാണ് ആദിവാസികളുടെ പ്രതീക്ഷ.
2006ൽ പാർലമെന്റ് പാസാക്കിയ വനാവകാശം നിയമത്തിന്റെ ഗുണഫലം അനുഭവിക്കാൻ ഇന്നും സംസ്ഥാനത്തെ ആദിവാസികൾക്ക് കഴിയഞ്ഞിട്ടില്ല. നിയമം ശരിയായ അർഥത്തിൽ മനസിലാക്കി നടപ്പാക്കുന്നതിൽ വനം-പട്ടികവർഗ വകുപ്പുകൾ അമ്പേ പരാജയപ്പെട്ടുവെന്നാണ് എ.ജി റിപ്പോർട്ട് ചെയ്തത്. എ.ജി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വനാവകാശ നിയമം എന്താണെന്ന് ഉദ്യോഗസ്ഥരെ പഠിപ്പിക്കണമെന്നും രേഖപ്പെടുത്തി.
ഫോറസ്റ്റ് വില്ലേജുകളെ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ഗോത്ര വർഗകാര്യ മന്ത്രാലയം 2023 ൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിനാലാണ് കേന്ദ്ര നിർദേശപ്രകാരം റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. വനഭൂമിയിലുള്ള എല്ലാ ഗ്രാമങ്ങളും/വാസസ്ഥലങ്ങളും ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ് ബുക്കുകളുടേയും, സെൻസസ് വില്ലേജ് ഡയറക്ടറികളുടേയും സഹായത്തോടെ കണ്ടെത്തണമെന്നാണ് ആദ്യത്തെ നിർദേശം. സബ് ഡിവിഷണൽ ആഫീസർ പരിവർത്തനം ചെയ്യേണ്ട ഗ്രാമങ്ങളുടെ പട്ടിക തയാറാക്കണം. അത് കലക്ടർ ഉറപ്പുവരുത്തണം.
പരിവർത്തനം ചെയ്യുന്നതിനായുള്ള ക്ലെയിം ഫയൽ ചെയ്യുന്നതിനായി എല്ലാ ഗ്രാമങ്ങളിലും നോട്ടീസ് പതിക്കണം. തുടർന്ന് ഓരോ ജില്ലയിലും തയാറാക്കുന്ന പട്ടിക സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. പരിവർത്തനം ചെയ്യുന്നതിൻറെ ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് എല്ലാ മാസവും മന്ത്രാലത്തിൽ സമർപ്പിക്കണമെന്നാണ് നാർദേശം.
ഓരോ ഊരുകളിലെയും ഗ്രാമസഭ ചേർന്ന് വനാവകാശ കമ്മിറ്റികൾ രൂപീകരിക്കണം. ഏതെങ്കിലും സെറ്റിൽമെൻറുകൾ നോട്ടീസ് പതിച്ച് മൂന്ന് മാസത്തിനുള്ളിൽ ക്ലെയിം സമർപ്പിച്ചിട്ടില്ലെങ്കിൽ അതിനായി കലക്ടർ തഹസിൽദാറിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണം. വനാവകാശ കമ്മിറ്റി പരിവർത്തനം ചെയ്യേണ്ട ഭൂമിയുടെ അതിർത്തി നിർണയിക്കണം, ഭൂമിയിലെ കെട്ടിടങ്ങളും, തണീർതടങ്ങളും ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തി ഭൂപടം തയാറാക്കണം. ഈ ഭൂപടം ഗ്രാമസഭ സബ്‌ഡിവിഷനൽ തല കമ്മിറ്റിക്ക് സമർപ്പിക്കണം.
സബ്‌ഡിവിഷനൽ തലത്തിലുള്ള കമ്മിറ്റി അത് ജില്ലാതല കമ്മിറ്റിക്ക് സമർപ്പിക്കണം. തുടർന്ന് കലക്ടർ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യുന്നതിനുള്ള തുടർനടപടി സ്വീകരിക്കുണമെന്നാണ് കേന്ദ്ര നിർദേശം. ഓരോ ജില്ലയിലേയും പട്ടികയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകൾ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. പരിവർത്തനത്തിന്റെ പുരോഗതി മൂന്ന് മാസത്തിലൊരിക്കൽ പട്ടികവർഗ മന്ത്രാലയത്തിനെ അറിയിക്കണമെന്നും നിർദേശം നൽകി.
ഓരോ ഗ്രാമത്തിലെയും വാസസ്ഥലങ്ങളിലെയും പ്രായപൂർത്തിയായ എല്ലാ താമസക്കാരുടെയും കൂട്ടത്തെ ഗ്രാമസഭയായി അംഗീകരിച്ച് വനാവകാശ സമിതിയെ (എഫ്.ആർ.സി) തിരഞ്ഞെടുക്കണം. പൂർണമായി പട്ടികവർഗ നിവാസികൾ അല്ലെങ്കിൽ ഭൂരിപക്ഷം ഉൾപ്പെടുന്ന പട്ടികവർഗ നിവാസികളുള്ള വില്ലേജുകളുടെ കാര്യത്തിൽ, 2005 ഡിസംബർ 13ന് മുമ്പ് പട്ടികവർഗ സെറ്റിൽമെൻസ് നിലനിന്നിരുന്നെങ്കിൽ ആ വാസസ്ഥലം പരിവർത്തനം ചെയ്യണം.
ഇതെല്ലാം ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം. സർവേക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ മനുഷ്യ വിഭവശേഷി വിന്യസിക്കുന്നതിനും സർവേ ഉപകരണങ്ങൾ വാടകക്ക് എടുക്കുന്നതിനും ആവശ്യമായ തുക പട്ടികവർഗ വകുപ്പ് കലക്ടർമാർക്ക് കൈമാറമെന്നാണ് കേന്ദ്ര ആദിവാസി മന്ത്രാലയത്തിന്റെ മാർഗ നിർദേശം. സംസ്ഥാനം ഇതുവരെ തുടർന്ന അട്ടിമറി ഇനിയും തുടരമോയെന്നാണ് ഇനി അറിയേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.