പോരിന് പുതിയ മുഖം! ഡീലി’ൽനിന്ന് ‘സ്വർണക്കൊള്ള’യിലേക്ക് യു.ഡി.എഫ്; ‘വികസനം’ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഡീൽ വിവാദത്തിന് പിന്നാലെ ശബരിമല സ്വർണക്കൊള്ള വീണ്ടും പ്രചരണായുധമാക്കി ഇടതുമുന്നണിയെ നേരിടാൻ യു.ഡി.എഫ്. ഡീലിൽ തിരിച്ചടിച്ചും അധിക്ഷേപ രാഷ്ട്രീയത്തിൽ കുരുങ്ങിയും ഒന്നാം ഘട്ടത്തിൽ വഴിമാറിയ ഇടതുമുന്നണി ‘വികസന ക്ഷേമ അജണ്ട’യിലേക്ക് തിരികെയെത്താനുള്ള തിരക്കിട്ട തയാറെടുപ്പിലുമാണ്. ഇടതുമുന്നണിയുടെ താരപ്രചാരകനായി മുഖ്യമന്ത്രി പര്യടനത്തിരക്കിലാണ്. പ്രധാന മന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തൃശൂരിലെത്തും. യു.ഡി.എഫ് ക്യാമ്പിന് ആവേശം പകരാൻ രാഹുൽ ഗാന്ധി തിങ്കളാഴ്ച പത്തനംതിട്ടയിലും.
വികസനവും ക്ഷേമവും പിടിവള്ളിയാക്കി വോട്ടുറപ്പിക്കാനിറങ്ങിയ ഇടതുമുന്നണിയെ ഡീൽ വിവാദത്തിലേക്ക് യു.ഡി.എഫ് വലിച്ചിട്ടുവെന്നതാണ് ഒന്നാം ഘട്ടത്തിലെ സവിശേഷത. പത്ത് മണ്ഡലങ്ങൾ ‘സി.പി.എം-ബി.ജെ.പി’ ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവാണ് വിവാദം കൊഴുപ്പിച്ചത്. തൊണ്ണൂറുകളിലെ കോലീബി സഖ്യം ഓർമിപ്പിച്ച് മുഖ്യമന്ത്രി തന്നെ പ്രത്യാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാവിട്ട വാക്കുകൾ മുന്നണിയെ പ്രതിരോധത്തിലാക്കി. സി.പി.എമ്മിനെ കടന്നാക്രമിച്ച് മുന്നേറുന്നതിനിടെ അനവസരത്തിൽ മുഖ്യമന്ത്രി ചർച്ച ഉയർന്നതാണ് കോൺഗ്രസ് പാളയത്തിലെ കല്ലുകടി. കെ.സുധാകരനും പി.ജെ കുര്യനും പിന്നാലെ വെള്ളാപ്പള്ളി നടേശൻ വരെ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞു.
ഇതിന് പിന്നാലെ രണ്ടാം ഘട്ടത്തിലേക്ക് പ്രചാരണം കടക്കുമ്പോഴാണ് സ്വർണക്കൊള്ള വീണ്ടും പ്രതിപക്ഷം ചർച്ചയാക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ഏറെ പരിക്കേൽപ്പിച്ച ‘പോറ്റിയേ കേറ്റിയേ...’പാട്ട് റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർഥി പഴകുളം മധു പാടിയതും വരും ദിവസങ്ങളിലേക്കുള്ള കൃത്യമായ സൂചനയാണ്. യുവതി പ്രവേശന വിഷയത്തിൽ സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും രണ്ട് നിലപാടുകൾ ഉയർത്തിക്കാട്ടാനും യു.ഡി.എഫ് ആലോചിക്കുന്നു. വിവാദങ്ങൾക്കിടയിലും വികസന വിഷയങ്ങളിലേക്ക് പ്രചാരണം മാറ്റാനാണ് എൽ.ഡി.എഫ് ശ്രമം. ഇതിലൂടെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്ന് അവർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

