ദിലീപിനെതിരെ പുതിയ കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും 'എസ്.പി കെ.എസ് സുദർശന്റെ കൈ വെട്ടണം' എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് നടപടി.
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ദ്രുതഗതിയിലാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ബാലചന്ദ്രകുമാർ, പ്രതികളായ പൾസർ സുനി, നടൻ ദിലീപ് എന്നിവരെ വൈകാതെ ചോദ്യം ചെയ്യും.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി, ഈ മാസം 12ന് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങളിലെ തെളിവുകൾ ശേഖരിക്കും. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നാണ് തുടർനടപടി തീരുമാനിച്ചത്.
ദിലീപിനെയും സുനിയെയും ഏതുദിവസം ചോദ്യം ചെയ്യണമെന്ന് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചതായാണ് വിവരം. ചോദ്യാവലിയും തയാറാക്കി. അന്വേഷണം വേഗത്തിൽ നടക്കേണ്ടതുള്ളതിനാൽ 13 അംഗ അന്വേഷണ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേകം ചുമതലകൾ ഏൽപിച്ചിട്ടുണ്ട്. തെളിവുകളുടെ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാരെയും ചോദ്യം ചെയ്തേക്കും.
വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കെയാണ് ദിലീപിനെതിരെ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശം ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തും.
ഫെബ്രുവരി 16ന് വിചാരണ പൂർത്തിയാക്കി വിധി പറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം. ക്രൈംബ്രാഞ്ച് ഐ.ജി ഫിലിപ്, എസ്.പിമാരായ കെ.എസ്. സുദർശൻ, സോജൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. 13 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുനി അമ്മയെ ഏൽപിച്ച കത്ത് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
കോടതി നിർദേശം അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുമെന്നാണ് യോഗത്തിന് ശേഷം എ.ഡി.ജി.പി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണം സത്യസന്ധമായി നടക്കും. എല്ലാകാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

