ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഹൈദരാബാദ് സ്വദേശി പിടിയിൽ
text_fieldsഅനൂപ് കുമാർ
അസാവ
മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിയെ ഭീഷണിപ്പെടുത്തി 2,90,000 രൂപ തട്ടിയെടുത്ത കേസിൽ ഹൈദരാബാദ് സ്വദേശി അനൂപ് കുമാർ അസാവയെ (36) മട്ടാഞ്ചേരി പൊലീസ് ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിൽ പുനർവിവാഹ പരസ്യം കണ്ട് താൽപര്യമുണ്ടെന്ന് അറിയിച്ച പരാതിക്കാരനെ തന്ത്രപരമായി കുടുക്കി ഭീഷണിപ്പെടുത്തി പ്രതികളുടെ അക്കൗണ്ടിലേക്ക് പലതവണയായി പണം ഇടുവിക്കുകയായിരുന്നു. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ കെ.ആർ. മനോജിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പ്രതികൾ ഹൈദരാബാദിലുണ്ടെന്ന് മനസ്സിലാക്കി മട്ടാഞ്ചേരി പൊലീസ് ഹൈദരാബാദിൽ ചെന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.
മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മധുസൂദനൻ, അരുൺകുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ എഡ്വിൻ റോസ്, സിവിൽ പൊലീസ് ഓഫിസർമാരായ ബേബിലാൽ, സനീഷ്, അക്ഷര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

