തളിക്കുളത്ത് കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
text_fieldsമൊയ്ദുൾ ഷെയ്ക്
തളിക്കുളം: എക്സൈസ് തളിക്കുളത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പിടികൂടി. മുഖ്യപ്രതി രക്ഷപ്പെട്ടു. ബംഗാൾ സ്വദേശി മൊയ്ദുൾ ഷെയ്കിനെയാണ് (27) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി വാടാനപ്പള്ളി ചിലങ്ക സെന്ററിന് സമീപം തോപ്പിൽ വീട്ടിൽ ആഷിക് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ടു. മേഖലയിൽ കഞ്ചാവ് വിൽപന നടക്കുന്നതായ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് തളിക്കുളം പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിന്ന് കവറിൽ ഒളിപ്പിച്ച കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
ഒന്നാംപ്രതി ആഷിക് തൃപ്രയാർ, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ ഭാഗങ്ങളിൽ കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ്. ഇയാളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ പി.കെ. സുധീരൻ, കെ.ആർ. ഹരിദാസ്, ഗ്രേഡ് സി.ഇ.ഒമാരായ സി.കെ. ചന്ദ്രൻ, എം.എൽ. മധു, എക്സൈസ് ഡ്രൈവർ വി. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

