അധിക ബിരിയാണി ചോദിച്ച് അസം സ്വദേശിയെ ക്രൂരമായി മർദിച്ചു; കേസെടുക്കാൻ മടിച്ച പൊലീസ് നടപടി എടുത്തത് വിഡിയോ പുറത്തു വന്നപ്പോൾ -video
text_fieldsഇടുക്കി തൊടുപുഴയിൽ ഹോട്ടൽ ജീവനക്കാരനായ അസം സ്വേദശി യെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ക്രൂരമായി മർദിച്ചു. സംഭവം അറിഞ്ഞിട്ടും കേസെടുക്കാൻ മടിച്ച പൊലീസ് വാർത്തകൾ പുറത്തുവന്നതോടെയാണ് നടപടിക്ക് തയ്യാറയത്.
അസം സ്വദേശി നൂർ ഷഹീനെയാണ് തൊടുപുഴ സ്വദേശി ബിനുവും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചത്. ബിരിയാണി കഴിക്കാനെത്തിയവർ കഴിച്ച ശേഷം ബാക്കിയുള്ള ബിരിയാണി പാർസൽ ചെയ്തു തരാൻ നൂർ ഷഹീനോട് ആവശ്യപ്പെടുകയായിരുന്നു. പാർസൽ ചെയ്യുേമ്പാൾ ബിരിയാണി അധികമായി എടുക്കാൻ നൂർ ഷഹീനോട് അവർ ആവശ്യപ്പെട്ടുവെന്ന് ഹോട്ടലുടമ പറഞ്ഞു. എന്നാൽ, മുതലാളി സ്ഥലത്തില്ലെന്നും അധികം ബിരിയാണി തരാനാകില്ലെന്നും നൂർ ഷഹീൻ പറഞ്ഞതോടെ സംഘം മർദിക്കുകയായിരുന്നത്രെ.
ഞായറാഴ്ചയാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ നൂർ ഷഹീൻ ഉടനെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെയെത്തിയ പ്രതികൾ, കേസുമായി മുന്നോട്ട് പോയാൽ കൊന്നുകളയുമെന്ന് നൂർ ഷഹീനെ ഭീഷണിപ്പെടുത്തി. ഭയന്നു പോയ നൂർ പിന്നീട് ആശുപത്രിയിൽ നിന്ന് മടങ്ങി. ഈ കാര്യങ്ങൾ ഹോട്ടലുടമ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുക്കാനോ മറ്റു നടപടികൾക്കോ പൊലീസ് തയ്യാറായില്ല. പിന്നീട്, ക്രൂര മർദനത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്ത ശേഷമാണ് പൊലീസ് പരിശോധിക്കാൻ തയാറായത്.